കുംഭമേള വൈറൽ താരം മൊണാലിസയ്‌ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, ഫര്‍മാൻ ഖാനെതിരെ പോക്‌സോ കേസ്

0
48

കുംഭമേള വൈറൽ പെൺക്കുട്ടി മൊണാലിസ ഭോസലയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വിവാഹ സമയം മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളുവെന്ന ജനനസർട്ടിഫക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിൽ ഫർമാനെതിരെ പോക്സോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തു.

മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ മൊണാലിസ 2009 ഡിസംബർ 30 ന് ജനിച്ചുവെന്നും വിവാഹ സമയത്ത് അവർ പ്രായപൂർത്തിയായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ‘മധ്യപ്രദേശിലെയും കേരളത്തിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റർ ചെയ്‌ത പ്രാദേശിക അധികാരികളെ കൂടുതൽ വ്യക്തതയ്ക്കായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്,’ പൊലീസ് പറഞ്ഞു.

മൊണാലിസയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു. കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്ന് കണ്ടെത്തി.

ഇരുവരുടെയും വിവാഹം മുൻപും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. മൊണാലിസ പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നും പ്രചാരണമുണ്ടായി. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ദമ്പതികൾ വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം മാർച്ച് 11 ന് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചു. മൊണാലിസയും ഫർമാനും തങ്ങൾക്കെതിരെ കുടുംബം അടക്കം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തികച്ചും അവ വാസ്‌തവ വിദുദ്ധമാണെന്നും താൻ പ്രായപൂർത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നും മൊണാലിസ മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹം പരസ്‌പര സമ്മതത്തോടെയാണെന്നും ഇരുവരും അവരവരുടെ വിശ്വാസങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിനിയായ മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാംഗം എ എ റഹിം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here