രണ്‍ബിര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഖ്യാതിയോടെ എത്തുന്ന രാമായണയുടെ ക്യാരക്‌ടര്‍ ടീസര്‍ പുറത്ത്. രാമനായുള്ള രണ്‍ബീറിന്‍റെ രൂപമാറ്റം തന്നെയാണ് ടീസറില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ തരംഗം സൃഷ്‌ടിക്കുകയാണ്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂറും പാന്‍ ഇന്ത്യന്‍ താരം യഷ് രാവണായുമായാണ് എത്തുന്നത്. സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഓസ്‌കര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്മാനുമാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ലൈവ് ആക്‌ഷൻ സിനിമകൾ പോലെ കൂറ്റൻ സെറ്റ് ഇട്ട് ഹോളിവുഡ് ലെവൽ പ്രൊഡക്‌ഷൻ ക്വാളിറ്റിയിൽ ഒരുങ്ങുന്ന ചിത്രമാകും രാമായണ. രവി ദുബേ ലക്ഷ്‌മണനായും സണ്ണി ഡിയോള്‍ ഹനുമാനുമായാണ് ചിത്രത്തില്‍ വേഷമിടുക. ലാറ ദത്ത (കൈകേയി), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിംഗ് (സൂർപ്പനഖ) എന്നിവർ ഉൾപ്പെടുന്ന ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ശ്രീധര്‍ രാഘവന്‍റേതാണ് തിരക്കഥയ ഐമാക്‌സിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുക. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലായിരിക്കും യഷ് എത്തുക. രണ്ടാം ഭാഗത്തിലായിരിക്കും രാമ- രാവണ യുദ്ധം.
കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ വെച്ച് ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നെങ്കിലും, മുംബൈയിലെ ചടങ്ങിനോട് അനുബന്ധിച്ചാണ് ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തത്.ലോസ് ഏഞ്ചൽസിലെ ചടങ്ങിൽ സംവിധായകൻ നിതേഷ് തിവാരിക്കും സഹനിർമ്മാതാവ് നമിത് മൽഹോത്രയ്ക്കുമൊപ്പം രൺബീറും പങ്കെടുത്തിരുന്നു.
2026 ല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് രാമായണ. രണ്ടു ഭാഗങ്ങളില്‍ ഈ ചിത്രം വമ്പന്‍ ദൃശ്യവിരുന്നാണ് അണിയറക്കാര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയോടെ വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയുടെ പുരാണകഥകളെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സിനിമാറ്റിക് അനുഭവം തന്നെയായിരിക്കും രാമായണ. നമിത് മല്‍ഹോത്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യഭാഗം 2026 ദീപാവലിയ്ക്കായിരിക്കും തിയേറ്ററുകളിലെത്തുക. രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ്. ഹനുമാന്‍ ദിനത്തില്‍ ( ഏപ്രില്‍ 2) ആദ്യ ഗ്ലിംപ്സ് പുറത്തുവിടുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
5000 വര്‍ഷത്തില്‍ അധികമായി കോടിക്കണക്കിന് പേരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ഇതിഹാസത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാന്‍ പത്ത് വര്‍ഷമായി താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് നമിത് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും മികച്ച ദൃശ്യ മികവോടെ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അന്താരാഷ്‌ട്ര തലത്തിലുള്ള സാങ്കേതിക വിദഗ്‌ധരുടെയും ഹോളിവുഡ് പ്രതിഭകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. പുരാണകഥ പറയുന്നതിനായി വമ്പന്‍ വി എഫ് എക്‌സും ചിത്രത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.









