എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വന്‍ തിരിച്ചടി. വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി ഉത്തരവിട്ടു. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള മറ്റ് ഡയറക്ടർമാരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്. എം.കെ. സാനു ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് നടപടി.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗത്തിന്‍റെ ഓഡിറ്റ് അക്കൗണ്ടുകൾ യഥാസമയം ഹാജരാക്കിയില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. തുടർച്ചയായി മൂന്ന് വർഷം കണക്കുകൾ ഹാജരാക്കാത്തത് അയോഗ്യതയ്ക്ക് കാരണമായി കോടതി ചൂണ്ടിക്കാട്ടി.
2006-ന് ശേഷം യോഗം അധികൃതർക്ക് കൃത്യമായ കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ഭരണസമിതിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കാണിച്ചാണ് 2020-ൽ കോടതിയിൽ ഹർജി എത്തിയത്. ഭരണം നിയമാനുസൃതമല്ലെന്ന് വ്യക്തമായതോടെ വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്‍റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർക്ക് ബോർഡ് അംഗങ്ങളായി തുടരാനാകില്ലെന്ന് കോടതി ഉത്തരവിട്ടു.








