ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല;

0
24

കർശന ഉപാധികൾ വേണമെന്ന പ്രോസിക്യൂഷൻ വാദത്തെത്തുടർന്നാണ് തീരുമാനം. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ മുരാരി ബാബുവിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതിനായി കോടതി മാറ്റി. കട്ടളപ്പാളി കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായെങ്കിലും വിധി വരുന്നത് വരെ പ്രതിയെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഏത് ഉപാധികൾ വേണമെങ്കിലും അംഗീകരിക്കാമെന്ന നിലപാടാണ് പ്രതിഭാഗം കോടതിയിൽ സ്വീകരിച്ചത്. എന്നാൽ നിയമപരമായി ജാമ്യം തടയാൻ സാധിക്കാത്ത സാഹചര്യത്തിൽ കർശന ഉപാധികൾ വയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വലിയ തുക കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. ഇക്കാര്യങ്ങളിൽ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ വിധി ഉണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും വിധി പ്രസ്താവം പിന്നീടാകും ഉണ്ടാവുക. ദ്വാരപാലക ശിൽപ കേസിലും കട്ടളപ്പാളി കേസിലുമാണ് പോറ്റിക്ക് ജാമ്യം ലഭിക്കേണ്ടിയിരുന്നത്. ഇതിൽ ദ്വാരപാലക ശിൽപം കടത്തിയ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കട്ടളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയൂ.

ഇഡിയുടെ നീക്കം

ഇതിനിടെ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി മുരാരി ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയും കവർച്ചാ സംഘത്തിൻ്റെ മുഴുവൻ ഏകോപനം നിർവഹിച്ച ആളുമായ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയാൽ അന്വേഷണം ഏത് ദിശയിലേക്ക് പോകുമെന്നതിലും അന്വേഷണ ഫലത്തെ അത് എങ്ങനെ ബാധിക്കുമെന്നതിലും ആശങ്കയുണ്ട്. കേസിൻ്റെ ഭാവിയെ അത് ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷം അടക്കം വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേസിലെ നിർണായക വിവരങ്ങൾ അറിയാവുന്ന മുഖ്യപ്രതി പുറത്തിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരോപണം.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ കെപി ശങ്കർദാസാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ മുരാരി ബാബു, ശ്രീകുമാർ, സുദീഷ് കുമാർ എന്നിവർക്ക് ഇതിനോടകം ജാമ്യം ലഭിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതേ ആനുകൂല്യം ഉണ്ണികൃഷ്ണൻ പോറ്റിക്കും ലഭിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രതീക്ഷ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെഎസ് ബൈജു സമർപ്പിച്ച ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് പതിനൊന്നാം തീയതിയിലേക്ക് കോടതി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here