വീണുടഞ്ഞ് സ്വർണം; വില കുത്തനെ താഴേക്ക്

0
22

ഇന്നലെ രണ്ട് തവണ കുറയുകയും വൈകുന്നേരത്തോടെ വീണ്ടും കൂടുകയും ചെയ്‌ത സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് (ഫെബ്രുവരി 03) കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായി പുതിയ നിരക്ക്. ഇന്നലെ രണ്ട് തവണ കുറയുകയും പിന്നീട് കൂടുകയും ചെയ്‌ത സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. വിലക്കുറവ് കാരണം ആഭരണ പ്രേമികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നു.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 107 രൂപ കുറഞ്ഞ് 11,381 രൂപയും പവന് 91048 രൂപയുമായി. ഒരു ഗ്രാം വെള്ളിക്ക് 20 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാം വെള്ളിക്ക് 200 രൂപ കുറഞ്ഞ് 2800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വെള്ളിക്ക് യഥാക്രമം 300, 3000 രൂപയായിരുന്നു.

അന്താരാഷ്ട്ര സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്നതും റഷ്യ സ്വർണം വിൽക്കുന്നു എന്ന വാർത്തകളും സ്വർണവില കുറയുന്നതിന് കാരണമായിട്ടുണ്ട്. ഫെഡറൽ റിസർവിൻ്റെ പുതിയ ചെയർമാനായി കെവിൻ വാർഷ് നെ നാമനിർദ്ദേശം ചെയ്‌തതോടെ സ്വർണവില കുറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡോളറിനെ കരുത്ത് ആർജിപ്പിക്കാൻ ഇദ്ദേഹത്തിൻ്റെ വരവോടെ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.

മറ്റ് പ്രധാന ഘടകങ്ങൾ

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ: ആഗോള വിപണിയിൽ സ്വർണവില കുറയുന്നതാണ് കേരളത്തിലെ വിലയെ ബാധിക്കുന്ന പ്രധാന ഘടകം. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്നുണ്ടായ സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ഓഹരി വിപണിയിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചു.

ശക്തമായ യുഎസ് ഡോളർ: അന്താരാഷ്ട്ര തലത്തിൽ ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വാഭാവികമായും സ്വർണവില കുറയാറുണ്ട്. ഡോളർ സൂചിക ഉയരുന്നത് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയും അത് ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു.

യുഎസ് പലിശ നിരക്കുകൾ: അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാതിരിക്കുകയോ അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും സാവധാനത്തിൽ കുറയ്ക്കുകയോ ചെയ്യുന്നത് സ്വർണത്തിൻ്റെ ആകർഷണീയത കുറയ്ക്കുന്നു. പലിശ നിരക്ക് കൂടുമ്പോൾ നിക്ഷേപകർ ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാൻ താൽപര്യപ്പെടും.

റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയത് ആഗോള വിപണിയിൽ ശുഭപ്രതീക്ഷ നൽകുന്നു. സംഘർഷങ്ങൾ കുറയുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള പ്രാധാന്യം കുറയാറുണ്ട്.

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് ഭരണകൂടം 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് ഇന്ത്യൻ രൂപയ്ക്ക് കരുത്ത് പകർന്നു. രൂപയുടെ മൂല്യം മെച്ചപ്പെടുന്നത് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി ചിലവ് കുറയ്ക്കാൻ സഹായിക്കും.

ലാഭമെടുപ്പ് : സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയപ്പോൾ നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ച് ലാഭം എടുത്തത് വിപണിയിൽ വില ഇടിയാൻ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here