ചക്രവാതച്ചുഴി തമിഴ്‌നാട് തീരത്തേക്ക്; കേരളത്തിൽ വീണ്ടും മഴയെത്തും

0
30

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി തമിഴ്‌നാട് തീരത്തേക്ക് കടക്കുമ്പോൾ കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനുവരി 9നാണ് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നേരിയ മഴ സാധ്യതയും പ്രവചിക്കുന്നു.

തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. 8ന് പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം 6,7 ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് ഉണ്ടാകുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മേഘങ്ങൾ ആകാശത്ത് നിന്നും പൂർണമായും മാറി നിന്നാൽ രണ്ട് ദിവസം തണുപ്പ് കൂടാനുള്ള സാഹചര്യവുമുണ്ട്. 8ന് 11 ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നത്.

2025ൽ സാധാരണ മഴ: 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ ലഭിച്ച മഴ 2924.8 മില്ലീമീറ്റർ ആണ്. ഇത് ദീർഘകാല ശരാശരിയായ 2890.6 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1 ശതമാനം മാത്രമാണ് വ്യത്യാസം. ലഭിച്ച മഴ കൂടുകയോ കുറയുകയോ ചെയ്‌തിട്ടില്ല. നേരത്തെ എത്തിയ കാലാവർഷം തിമിർത്ത് പെയ്‌തത് കൂടുതൽ മഴ ലഭിക്കാൻ കാരണമായി. മെയ് അവസാന വാരം ജൂൺ–ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലത്ത് ചില ദിവസങ്ങളിൽ ശരാശരി 80–100 മില്ലീമീറ്റർ വരെ മഴ ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് മാസത്തോടെ മഴയുടെ തീവ്രത കുറയുകയും സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ ഇടവിട്ട മഴ തുടരുകയും ചെയ്‌തു. നവംബർ–ഡിസംബർ കാലയളവിൽ മഴ പൊതുവേ കുറഞ്ഞ നിലയിലായിരുന്നെങ്കിലും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി–മാർച്ച് മാസങ്ങളിൽ മഴ വളരെ കുറവായിരുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം വേനൽ മഴയിൽ 116 % അധികം ലഭിച്ചപ്പോൾ ശൈത്യ കാല മഴ (77 % കുറവ്), കാലവർഷം (13%കുറവ്), തുലാവർഷം (21% കുറവ്) എന്നിങ്ങനെ ആണ് കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മൊത്തത്തിൽ മഴ സാധാരണ ആയിരുന്നു. കാലാവർഷം തുടങ്ങിയതിന് ശേഷം20-30 ദിവസം മാത്രമാണ് മഴ ലഭിക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ എല്ലാം കേരളത്തിൽ മഴ ലഭിച്ചു.

ഡിസംബറിൽ തുടർച്ചയായി മൂന്ന് ആഴ്ച്ച വരണ്ട കാലാവസ്ഥ ആയിരുന്നു. ഈ ദിവസങ്ങളിൽ മഴ ഇല്ലെങ്കിലും തണുപ്പ് കൂടാൻ കാരണമായി. ഇടുക്കി, വയനാട് ജില്ലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെ ആയി. കേരളം തണുത്ത് വിറച്ച ദിവസങ്ങളും ഉണ്ടായിരുന്നു.

ഡിസംബറിൽ തണുത്ത് വിറച്ചു: മഴ വിട്ടുനിന്ന ദിവസങ്ങളിൽ കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിലും ഹൈറേഞ്ചിലും തണുപ്പ് അതിശക്തമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ താപനില മൈനസ് ഡിഗ്രി വരെ താഴ്ന്നു. സൈലൻ്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ എന്നിവിടങ്ങളിൽ താപനില 0°C സെൽഷ്യസ് ആയി കുറഞ്ഞിരുന്നു.

പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ച നിലയിലായി. ഇതോടെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ക്രിസ്‌മസ് അവധിയിൽ സഞ്ചാരികൾ മൂന്നാറിലേക്കും വയനാട്ടിലേക്കും ഒഴുകി. വയനാട്ടിലും താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തിയിരുന്നു.

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇത്തവണ വടക്കൻ കേരളത്തില്‍ അസാധാരണമായ തണുപ്പിന് കാരണമായിട്ടുള്ളത്. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിൽ ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റാണ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അതിശൈത്യത്തിന് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here