കേന്ദ്ര ലേബർകോഡ് കേരളം ഉടൻ നടപ്പാക്കില്ല”,

0
30

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളു എന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര ലേബർകോഡ് കേരളം ഉടൻ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതിൻ്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ യൂണിയൻ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂവെന്ന് മന്ത്രി ഉറപ്പ് നൽകി.

ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബർ കോഡുകൾ (വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ-ആരോഗ്യം കോഡ് എന്നിവ) 2025 നവംബർ 21 മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2019-ൽ കേന്ദ്രം ഈ പരിഷ്‌കരണങ്ങൾ തുടങ്ങിയപ്പോൾ മുതൽ 2020-ൽ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.

ഇതിൻ്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്‌തിരുന്നു. എന്നാൽ, ഏകപക്ഷീയമായി ഇത് നടപ്പിലാക്കാൻ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2-ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാനേജ്‌മെൻ്റ് പ്രതിനിധികൾ, നിയമ വിദഗ്‌ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ശിൽപശാല സംഘടിപ്പിച്ചിരുന്നു.

അന്ന് തൊഴിലാളി യൂണിയനുകൾ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചു. ആ വികാരം മാനിച്ചുകൊണ്ട്, സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ മന്ത്രി എന്ന നിലയിൽ താൻ അന്ന് നിർദേശം നൽകി. കഴിഞ്ഞ മൂന്നു വർഷമായി ഈ വിഷയത്തിൽ സംസ്ഥാനം ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഉറച്ച നിലപാടിൻ്റെ തെളിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here