തേജസ് തകര്‍ന്നുവീണതിന് പിന്നാലെ ഇന്ത്യയുടെ യശസിന് കോട്ടം തട്ടിയോ?

0
26

ദുബായിൽ എയർ ഷോയ്ക്കിടെ ഉണ്ടായ തേജസ് വിമാന അപകടത്തെ കുറിച്ച് കപിൽ കാക്ക് ഇടിവി ഭാരതിനോട് സംസാരിച്ചു

ന്യൂഡൽഹി: ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ ദുബായ് എയര്‍ ഷോയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഏവരും ഞെട്ടലോടെയാണ് ശ്രവിച്ചത്. വിമാനാപകടത്തിന് പിന്നാലെ രാജ്യത്തിൻ്റെ യശസ് തകര്‍ന്നെന്ന തരത്തില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെൻ്റർ ഫോർ എയർ പവർ സ്റ്റഡീസിൻ്റെ മുൻ സ്ഥാപക അഡീഷണൽ ഡയറക്‌ടർ എയർ വൈസ് മാർഷൽ കപിൽ കാക്ക്.

യുദ്ധ വിമാനത്തിൻ്റെ പ്രോഗ്രാമിങ്ങിലോ പ്രവർത്തന വിശ്വാസ്യതയിലോ കഴിഞ്ഞ ദിവസമുണ്ടായ അപകടം ഒരു തരത്തിലും നിഴൽ വീഴ്ത്തുന്നില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ദുബായിൽ എയർ ഷോയ്ക്കിടെ ഉണ്ടായ അപകടത്തെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു കപിൽ കാക്ക്.

അപകടം തീർത്തും നിർഭാഗ്യകരമാണെന്നും തേജസ് വിമാനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ദുരന്തമാണിതെന്നും കപിൽ കാക്ക് പറഞ്ഞു. “ഇതിന് മുൻപുണ്ടായ സംഭവം സാങ്കേതിക പ്രശ്‌നങ്ങൾ മൂലമായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ അപകട കരാണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. ദൃശ്യങ്ങളുടെ വിലയിരുത്തൽ വച്ച് എയർ ഷോയ്ക്കിടെ പൈലറ്റിന് വിമാനം നിയന്ത്രിക്കാൻ കഴിയാത്തതാവാം അപകടകാരണം. വ്യക്തമായ കാരണം അറിയില്ല. പൂർണമായ അന്വേഷണത്തിൽ ഫലങ്ങൾ പുറത്തുവരും,” കപിൽ കാക്ക് പറഞ്ഞു.

 

ഓരോ രണ്ട് വർഷത്തിലും, പ്രദർശനത്തിനിടെ ചില വിമാനങ്ങൾ തകരാറിലാകുന്നുണ്ട്. തേജസിൻ്റെ വിശ്വാസ്യതയിലോ ഭാവി വികസനത്തിലോ വിപണനക്ഷമതയിലോ ഈ അപകടം പ്രതികൂല സ്വാധീനം ചെലുത്തുന്നില്ലെന്നും കപിൽ കാക്ക് വ്യക്തമാക്കി.

ലോകത്തെ 193 രാജ്യങ്ങളിൽ അഞ്ചോ ആറോ രാജ്യങ്ങൾ മാത്രമാണ് അത്യാധുനിക യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. അതിൽ ഇന്ത്യയും ഉൾപ്പെടുന്നു. വിമാനം വളരെ വേഗതയിൽ മുന്നോട്ട് പോകുകയും വളരെ കുറച്ച് ഉയരത്തിൽ തന്നെ പറക്കുകയും ചെയ്‌തതിനാലാണ് യുദ്ധവിമാനം നിലത്ത് ഇടിച്ചത്. ഇത്തരത്തിലുള്ള അപകടം സംഭവിക്കാനുള്ള സാധ്യത ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. തേജസിൻ്റെ പ്രകടനത്തെ ഇത് ബാധിക്കില്ല. ആദ്യമായി പറക്കുന്ന സമയം മുതൽ, ഇത് അപകടകരമായ ഒരു തൊഴിലാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിയാം. മറ്റ് ഏതൊരു തൊഴിലിൽ നിന്നും വ്യത്യസ്‌തമായി ഒരു നിമിഷം കൊണ്ടാണ് ഇവിടെ മരണം ഉണ്ടാകുന്നതെന്നും കപിൽ കാക് കൂട്ടിച്ചേർത്തു.

തേജസ് പദ്ധതിക്ക് മാറ്റമുണ്ടാകില്ല

ദുബായ് എയർ ഷോയ്ക്കിടെ ഉണ്ടായ അപകടം വ്യോമസേനയുടെ തേജസ് വിമാന നിർമാണ പദ്ധതിയെ മന്ദഗതിയിലാക്കുകയില്ലെന്ന് എയർ വൈസ് മാർഷൽ കാക്ക് പറഞ്ഞു. “ഭാവിയിലെ എയർഷോകളിലെ പ്രദർശനത്തെയോ പ്രകടനങ്ങളെയോ ഭാവിയെയോ ഈ അപകടം ബാധിക്കാൻ സാധ്യതയില്ല. ഇനിയും പ്രദർശനം തുടരും. മിഗ്-21 മാറ്റിസ്ഥാപിക്കുന്നതിനുള്ള പാതയിലാണ് ഇത്” കാക്ക് കൂട്ടിച്ചേർത്തു.

എച്ച്എഎൽ നാസികിൽ മറ്റൊരു പ്രവർത്തന മേഖല ആരംഭിച്ചു. ബെംഗളൂരുവിൽ ഇതിനകം ഒന്ന് നിലവിലുണ്ട്. എയർ-ടു-എയർ മിസൈൽ പ്രോട്ടോക്കോളുകൾ ഉൾപ്പെടെയുള്ള സിസ്റ്റം പരീക്ഷണങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ, അടുത്ത അഞ്ച് വർഷത്തേക്ക് ഐഎഎഫിന് എല്ലാ വർഷവും ഏകദേശം 18 മുതൽ 20 വരെ തേജസ് വിമാനങ്ങൾ ലഭിക്കും.

83 തേജസ് എംകെ-1എ ജെറ്റുകൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ 97 വിമാനങ്ങൾ കൂടി കരാർ ചെയ്യുമെന്നും വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്നും കാക്ക് പറഞ്ഞു.

അപകടത്തിൽ ഉൾപ്പെട്ട തേജസ് എംകെ-1 വിമാനം

ജിഇ എഫ് 404 എഞ്ചിനുള്ള ഇന്ത്യയുടെ ഒന്നാം തലമുറയിൽപ്പെട്ട തദേശീയ യുദ്ധവിമാനങ്ങളിലൊന്നായ തേജസ് എംകെ 1 ആയിരുന്നു കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ഫ്ലയിങ് ഡാഗേഴ്‌സ്, ഫ്ലയിങ് ബുള്ളറ്റ്‌സ് എന്നീ രണ്ട് സ്ക്വാഡ്രണുകളിലായി ഇന്ത്യൻ വ്യോമസേന ഏകദേശം 40 എംകെ-1 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നു.

ഈ വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമ പ്രദർശനങ്ങളിൽ പതിവായി പങ്കെടുക്കാറുണ്ട്. കൂടാതെ തകർന്നുവീണ ജെറ്റ് ഈ വർഷം ദുബായിൽ പ്രദർശിപ്പിച്ച മൂന്ന് തേജസ് വിമാനങ്ങളിൽ ഒന്നായിരുന്നു. ഒരു തേജസ് സ്ക്വാഡ്രൺ സുലൂരിൽ ആസ്ഥാനമായി തുടരുമ്പോൾ, മറ്റൊന്ന് അടുത്തിടെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു.

ദുഃഖം രേഖപ്പെടുത്തി ഇന്ത്യയുടെ പ്രതിരോധ നേതൃത്വം.

ദുബായ് എയർ ഷോയിൽ ഉണ്ടായ അപകടത്തിൽ പൈലറ്റിനെ നഷ്‌ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുഃഖിതരായ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഈ ദുഃഖകരമായ നിമിഷത്തിൽ രാഷ്ട്രം കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് എക്‌സിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here