തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി തയാറായിരിക്കുകയല്ലേ? വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയോ? എസ്‌ഐആർ വരുമ്പോൾ വ്യത്യാസമുണ്ടാകുമോ? പേര് ചേർക്കാനായി നേരിട്ട് എത്തണോ? വിലാസം മാറിയത് എങ്ങനെ രേഖപ്പെടുത്തും? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാകും ഇപ്പോൾ മലയാളികളുടെ മനസിൽ. സമ്മതിദായക അവകാശങ്ങളെ കുറിച്ചുള്ള ഇത്തരം സംശയങ്ങൾക്ക് ഇനി ഉത്തരമുണ്ട്!
സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ്റെ (എസ്ഐആർ) ഭാഗമായി പൊതുജനങ്ങൾക്കിടയിലുള്ള ധാരാളം സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകുന്ന വീഡിയോ പങ്കു വച്ചിരിക്കുകയാണ് മുഖ്യ തെരഞ്ഞടുപ്പ് ഓഫിസ്. സെക്ഷൻ ഓഫിസർ ശിവലാൽ ആർവിയാണ് പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുന്നത്. സംസ്ഥാന മുഖ്യ തെരഞ്ഞടുപ്പ് ഓഫിസറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏത് വർഷത്തെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് എസ്‌ഐആർ നടത്തുന്നത്, അവസാനമായി എസ്‌ഐആർ നടന്ന 2002 ലെ വോട്ടർ പട്ടികയുടെ പ്രാധാന്യം, എന്യുമറേഷൻ ഫോം സംബന്ധിച്ച സംശയങ്ങൾ, വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർ എന്ത് ചെയ്യണം, ഓൺലൈൻ വഴി എന്തൊക്കെ സേവനങ്ങൾ ലഭ്യമാകും, വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് തുടങ്ങിയ സംശയങ്ങൾക്കുള്ള കൃത്യമായ ഉത്തരമാണ് നൽകുന്നത്. പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ വീഡിയോ.
ചോദ്യം: 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണോ ഇപ്പോഴത്തെ എസ്‌ഐആർ നടത്തുന്നത്?
ഉത്തരം: 2025 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് എസ്‌ഐആർ നടത്തുന്നത്. ഈ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും എന്യുമറേഷൻ ഫോം വിതരണം ചെയ്യും.
ചോദ്യം: അങ്ങനെയെങ്കിൽ 2002 ലെ വോട്ടർ പട്ടികയുടെ പ്രാധാന്യം എന്താണ്?
ഉത്തരം: സംസ്ഥാനത്ത് അവസാനമായി എസ്‌ഐആർ നടത്തിയത് 2002 ലാണ്. അന്ന് രേഖകളെല്ലാം പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തിയാണ് വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടു തന്നെ അന്നത്തെ പട്ടികയിൽ ഉൾപ്പെട്ടവർക്കോ അവരുടെ ബന്ധുക്കൾക്കോ ഇപ്പോൾ രേഖകൾ സമർപ്പിക്കേണ്ടതില്ല.
ചോദ്യം: എന്യുമറേഷൻ ഫോം ലഭിച്ച വോട്ടർക്ക് 2002 ലെ പട്ടികയിൽ തൻ്റെ പേരോ അത് ഇല്ലാത്ത പക്ഷം ബന്ധുവിൻ്റെ പേരോ എങ്ങനെ കണ്ടെത്താം?
ഉത്തരം: ഇലക്ഷൻ കമ്മിഷൻ്റെ വോട്ടേഴ്‌സ് പോർട്ടലിലോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലോ ബൂത്ത് ലെവൽ ഓഫീസറുടെ പക്കലുള്ള പട്ടികയിലോ പരിശോധിക്കാവുന്നതാണ്.
ചോദ്യം: 2025 ൽ പട്ടികയിലുള്ളവർ ആ വിലാസത്തിൽ നിന്നും താമസം മാറിയിട്ടുണ്ട് എങ്കിൽ എന്യുമറേഷൻ ഫോം എങ്ങനെ കൈപ്പറ്റും എങ്ങനെ ഫോം പൂരിപ്പിച്ച് തിരിച്ച് നൽകും?
ഉത്തരം: വോട്ടർക്ക് വോട്ടുള്ള സ്ഥലത്തെ ബൂത്ത് ലംവൽ ഓഫീസറുമായി(ബിഎൽഒ) ബന്ധപ്പെട്ട് എന്യുമറേഷൻ ഫോം കൈപ്പറ്റി പൂരിപ്പിച്ച് നൽകാവുന്നതാണ്. ബിഎൽഒമാരുടെ വിവരങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റുവഴി കണ്ടെത്താവുന്നതാണ്. ഓൺലൈൻ വഴി പൂരിപ്പിച്ച് കണ്ടെത്താവുന്നതുമാണ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം നിലവിലെ മേൽ വിലാസത്തിലേയ്ക്ക് വോട്ടറുടെ പേര് മാറ്റുന്നതിന് ഫോം 8 ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ചോദ്യം: ഒരു വോട്ടർക്ക് ഒന്നിലധികം എന്യുമറേഷൻ ഫോം ലഭിച്ചാൽ എന്തു ചെയ്യണം?
ഉത്തരം: വോട്ടർക്ക് ഒന്നിലധികം എന്യുമറേഷൻ ഫോം ലഭിച്ചാൽ അതിനർഥം വോട്ടറുടെ പേര് ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഇത് നിയമ വിരുദ്ധമാണ്. നിലവിലുള്ള മേൽ വിലാസത്തിലെ ഒരു എന്യുമറേഷൻ ഫോം മാത്രം പൂരിപ്പിച്ച് നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.
ചോദ്യം: ഒരാൾ പ്രവാസി വോട്ടറായും ജനറൽ വോട്ടറായും പട്ടികയിൽ ഉൾപ്പെടുകയും രണ്ട് എന്യുമറേഷൻ ഫോം ലഭിക്കുകയും ചെയ്‌താൽ എന്തു ചെയ്യും?
ഉത്തരം: പ്രവാസി വോട്ടറായോ ജനറൽ വോട്ടറായോ ഏത് വോട്ടറായാണോ നിലനിർത്തേണ്ടത് ആ എന്യൂമറേഷൻ ഫോം മാത്രം പൂരിപ്പിച്ച് നൽകുക
ചോദ്യം: 2025 ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടും എന്യൂമറേഷൻ ഫോം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം?
ഉത്തരം: ബിഎൽഒയുമായി ബന്ധപ്പെടുകയോ ഓൺലൈനായി സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
ചോദ്യം: എന്യുമറേഷൻ ഫോമിൻ്റെ ഒപ്പം മറ്റേതെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?
ഉത്തരം: എന്യുമറേഷൻ ഫോമിൻ്റെ ഒപ്പം രേഖകളൊന്നും തന്നെ സമർപ്പിക്കേണ്ടതില്ല. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർ ആവശ്യപ്പെടുന്ന പക്ഷം രേഖകൾ ഹാജരാക്കേണ്ടതാണ്.
ചോദ്യം: 2025 ൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതു കൊണ്ട് എന്യുമറേഷൻ ഫോം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം?
ഉത്തരം: 2025 ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടുള്ളവർക്കാണ് എന്യുമറേഷൻ ഫോമം ലഭ്യമാകുന്നത്. ഫോം ലഭിക്കാത്തവർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർ പട്ടികയിൽ പേരില്ല എന്ന് ഉറപ്പ് വരുത്തി പുതുതായി പേര് ചേർക്കുന്നതിനുള്ള അപേക്ഷ ഫോം 6 ലോ പ്രവാസി വോട്ടറാണെങ്കിൽ ഫോം 6 എയിലോ സമർപ്പിക്കാവുന്നതാണ്.





