കഥ കേട്ട് കഴിഞ്ഞാൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവെന്നുവരാം. ചായയുടെ രുചിയും അൽപം കിസയും പറഞ്ഞ് ഒരു ഉസ്‌മാനിയ ബിസ്‌കറ്റും കഴിച്ചിങ്കിൽ ചായ പ്രേമികള്‍ക്കിത് തീരാ നഷ്‌ടം.
ചായ… അതൊരു വികാരമാണ് പലർക്കും. വെള്ളം കഴിഞ്ഞാൽ ഈ ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതൽ കുടിക്കുന്നത് ചായ ആണത്രെ. ഒരുമിച്ചൊരു ചായ കുടിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്ന് പറയാറില്ലേ… അതിനാലാവും ചായയ്‌ക്ക് ഇത്തിരി മൊഹബത്ത് കൂടുതലായത്. എന്നാൽ നമ്മുടെ ഈ ചായയ്‌ക്ക് ഒരു കഥയുണ്ട്. കഥയെന്ന് പറഞ്ഞാൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ.
യാത്രകള്‍ ചെയ്യാൻ ഇഷ്‌ടമുള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ചായക്കഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കഥ കേട്ട് കഴിഞ്ഞാൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം ആയിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവെന്നും വരാം. അകലം കൂടും തോറും വികാരം കൂടുന്നൊരു ചായയെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. ഹൈദരാബാദിൻ്റെ സ്വന്തം ഇറാനി ചായ.
ഹൈദരബാദി തെരുവുകളിലെ സജീവ സാന്നിധ്യമാണ് ഇറാനി ചായ. കൂജകള്‍ പോലുള്ള കുക്കറിൽ പാല് വേവിച്ച് ഖോയ അഥവാ മാവ ചേർത്ത് വിളമ്പുന്ന നല്ല അസല് മൊഹബത്ത്. ഇറാനി ചായ വിളമ്പുന്ന ചെറുതും വലുതുമായ ധാരാളം ചായക്കടകൾ ഹൈദരാബാദിൻ്റെ തെരുവുകളിൽ കാണാവുന്നതാണ്.
19ാം നൂറ്റാണ്ടിൽ ഇറാനികള്‍ ഹൈദരാബാദിൽ കുടിയേറിയപ്പോള്‍ ഒപ്പം കൊണ്ട് വന്നതാണ് ഇറാനി ചായ അഥവാ ദം ചായ. പാല് തിളപ്പിച്ച് വേവിച്ച് പരുവപ്പെടുത്തിയെടുക്കുന്നതാണ് പാകം. അതിനാൽ തന്നെ രുചിയിലും അത്രയേറെ വ്യത്യസ്‌തനാണിവൻ.
ഹൈദരാബാദിലെ അവസാന നിസാമായ മിർ ഒസ്‌മാൻ അലി ഖാൻ്റെ ഭരണകാലത്ത്, ഇറാനിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ചായയോടുള്ള ആഴത്തിലുള്ള പ്രണയം നഗരത്തിലേക്ക് കൊണ്ടുവന്നതെന്നാണ് ഇറാനി ചായയുടെ മറ്റൊരു കഥ. നമ്മുടെ നാട്ടിൽ ചായയ്‌ക്ക് തേയില ചേർക്കുന്നത് പോലെയല്ല ദം ചായയുടെ റെസിപ്പി. അൽപം വെറൈറ്റിയാണിത്. ഒരു പാത്രത്തിൽ തേയിലയും വെള്ളവും ചേർത്ത് ദമ്മിന് വേണ്ടിയെന്ന പോലെ മൂടിയടച്ച് 20 മിനിറ്റ് വരെ തിളപ്പിച്ചാണ് കഷായ രൂപത്തിലെ ആദ്യ മിശ്രിതം തയ്യാറാക്കുന്നത്.
സമാന്തരമായി മറ്റൊരു പാത്രത്തിൽ പാലിൻ്റെ കൂടെ ഏലക്കയും കറുവപട്ടയും ചേർത്ത് തിളപ്പിച്ച് പകുതി ആകുന്നത് വരെ വറ്റിച്ചെടുക്കും. കുക്കറിൽ ചെറുതീയിലാണ് പാൽ തിളപ്പിക്കുന്നത്. അതിനാലാണ് ദം ചായയെന്ന് പേര് വന്നത്. ഇടയ്ക്കിടെ ഇളക്കി അൽപം കുങ്കുമപ്പൂവ് മലായ് എന്നിവയും ചേർത്ത് കൊടുക്കുന്നതോടെ സ്വാദ് ഇരട്ടിക്കും.
ചായയ്‌ക്ക് ഇവിടെ ബെസ്റ്റ് കോംബിനേഷനാണ് ഉസ്‌മാനിയ ബിസ്‌ക്കറ്റ്. തേയില ചെടിയുടെ കൊളുന്ത് നുള്ളി ശ്രദ്ധാപൂര്‍വമായ പരിചരണം വഴി ചായയ്ക്ക് ഹൃദ്യമായ രുചി നല്‍കാനുള്ള വിദ്യ ചൈനക്കാര്‍ ആരംഭിച്ചിട്ട് കുറഞ്ഞത് രണ്ടായിരം വര്‍ഷമായെങ്കിലും ഇറാനി ചായ ഹൈദരാബാദിൽ പ്രചാരത്തിലെത്തിയത് 19ാം നൂറ്റാണ്ടുകളുടെ തുടക്കത്തിലാണ്. എന്തായാലും ഹൈദരാബാദിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവൻ ചായയുടെ രുചിയും പകർന്ന് അൽപം കിസയും പറഞ്ഞ് ഒരു ഉസ്‌മാനിയ ബിസ്‌കറ്റും കഴിക്കാതെ മടങ്ങിയാൽ തീരാ നഷ്‌ടമാണ്.







