സംസ്ഥാന പദവി പ്രധാന വിഷയം; ജമ്മു കശ്‌മീർ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

0
35

ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭ സമ്മേളനം ഇന്ന് തുടക്കമാകും. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം ഈ മാസം 31ന് അവസാനിക്കും. സംസ്ഥാന പദവി തിരികെ വേണമെന്ന് ആവശ്യം ഉന്നയിക്കാൻ പ്രതിപക്ഷം പദ്ധതിയിടുന്നതിനാൽ സമ്മേളനം പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആറ് സിറ്റിങ് ആയിട്ടാണ് സമ്മേളനം നടക്കുക. സമ്മേളനത്തിൻ്റെ ആദ്യ ദിവസം, അന്തരിച്ച മുൻ നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും ആദരിക്കും. ഒക്ടോബർ 24ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഒക്‌ടോബർ 25,26 ദിവസങ്ങളില്‍ ഔദ്യോഗിക അവധി ദിവസങ്ങൾ ആയതിനാലും അടുത്ത സിറ്റിങ് ഈ മാസം 27ന് ആയിരിക്കും നടക്കുക.

അജണ്ട എന്തെല്ലാം: സ്വകാര്യ അംഗങ്ങൾ സമർപ്പിക്കുന്ന ബില്ലുകൾ ഒക്ടോബർ 28ന് ചർച്ച ചെയ്യും. തുടർന്ന് ഒക്ടോബർ 29ന് ഒരു പ്രമേയം അവതരിപ്പിക്കും. നിയമസഭാംഗങ്ങളിൽ നിന്ന് 450 ചോദ്യങ്ങളും സ്വകാര്യ അംഗങ്ങളിൽ നിന്ന് 13 ബില്ലുകളും 55 പ്രമേയങ്ങളും നിയമസഭയിലേക്ക് ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇതിനകം അംഗീകരിച്ച മൂന്ന് ബില്ലുകൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും പാസാക്കാനും സാധ്യതയുണ്ട്. 2017ലെ ചരക്ക് സേവന നികുതി നിയമത്തിലെ ഭേദഗതികൾ, 2025ലെ ജമ്മു കശ്‌മീർ ഷോപ്പ്സ് ആൻഡ് ബിസിനസ് എസ്‌റ്റാബ്ലിഷ്‌മെൻ്റ് ബിൽ, 1989ലെ ജമ്മു കശ്‌മീർ പഞ്ചായത്തീരാജ് നിയമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

28 എംഎൽഎമാരുള്ള ഭാരതീയ ജനതാ പാർട്ടി, മൂന്ന് എംഎൽഎമാരുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സജാദ് ലോൺ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികൾ സർക്കാരിൻ്റെ പ്രകടന പത്രികയെയും നിയമസഭ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനങ്ങളിലുള്ള “യു-ടേണുകളുടെയും” പേരിൽ സർക്കാരിനെ വെല്ലുവിളിക്കുമെന്നാണ് പ്രതീക്ഷ.

2024 ഒക്ടോബറിൽ സർക്കാർ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള നാലാമത്തെ നിയമസഭ സമ്മേളനമാണിത്. ശ്രീനഗറിൽ നാല് ദിവസമാണ് ആദ്യ സമ്മേളനം നടന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രമേയം സർക്കാർ അന്ന് പാസാക്കിയിരുന്നു. കൂടാതെ ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവിയെക്കുറിച്ച് അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

രണ്ടാമത്തെ സെഷനിൽ വിനോദ സഞ്ചാരികൾക്ക് നേരെയുള്ള പഹൽഗാം ആക്രമണത്തെ അപലപിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മൂന്നാമത്തെ സെഷൻ ജമ്മുവിലാണ് നടന്നത്. കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ആദ്യ ബജറ്റ് സെഷൻ കൂടിയായിരുന്നു അത്.

 

LEAVE A REPLY

Please enter your comment!
Please enter your name here