രാഷ്‌ട്രപതിക്ക് വേണ്ടി ശബരിമലയില്‍ ആചാര ലംഘനം നടത്തി”, ഡിവൈഎസ്‌പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് വിവാദത്തില്‍,

0
37

രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല സന്ദർശനത്തെ എതിര്‍ത്തുള്ള ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ്‌ കുമാറിൻ്റെ വാട്‌സാപ്പ് പോസ്‌റ്റ് വിവാദത്തില്‍. ആചാര ലംഘനം നടത്തിയാണ് രാഷ്‌ട്രപതി പതിനെട്ടാംപടി ചവിട്ടിയതെന്ന പോസ്‌റ്റാണ് വിവാദത്തിലായത്. ഡിവൈഎസ്‌പിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചാ വിഷയമായി.

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശന വേളയിൽ വിവിധ ആചാര ലംഘനങ്ങൾ ഉണ്ടായി എന്നാണ് സ്റ്റാറ്റസിൻ്റെ ഉള്ളടക്കത്തിൽ പറയുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഡിവൈഎസ്‌പി പോസ്‌റ്റ് പിൻവലിച്ചു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് സന്ദര്‍ശനമെന്നാണ് പോസ്‌റ്റില്‍ പറയുന്നത്.

ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നും മനോജിൻ്റെ സ്റ്റാറ്റസിലുണ്ട്. എന്നാല്‍ പോസ്‌റ്റ് വൈറാലയതോടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി മനോജ് തന്നെ രംഗത്തെത്തി. ട്രെയിൻ യാത്രക്കിടെ വാട്‌സാപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പിയുടെ പ്രതികരണം

ഡിവൈഎസ്‌പിയുടെ വിവാദ പോസ്റ്റ് വായിക്കാം

‘ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന തൊഴുകുവാന്‍ നല്‍കരുതെന്നും, ആരെയും വാഹനത്തില്‍ മല കയറ്റരുതെന്നും ഒക്കെയുള്ള പല ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തി, പള്ളിക്കെട്ട് നേരിട്ട് മേല്‍ശാന്തി ഏറ്റുവാങ്ങി തിരുനടക്കകത്ത് വച്ചും, യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡൻ്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല. ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്’ എന്നായിരുന്നു ഡിവൈഎസ്‌പിയുടെ വിവാദമായ പോസ്റ്റ്.

വിശദീകരണം തേടി എസ്‌പി

അതേസമയം, സംഭവം വിവാദമായതോടെ ഡിവൈഎസ്‌പിയോട് വിശദീകരണം തേടി പാലക്കാട് എസ്‌പി രംഗത്തെത്തി. ഡിവൈഎസ്‌പിയുടെ വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ചു. ദർശനത്തിനെത്തിയ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സുരക്ഷാ വീഴ്‌ച ഉണ്ടായിരുന്നത്.

ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസിന് ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി രാവഡ ചന്ദ്രശേഖര്‍ ഇ ടിവി ഭാരതിനോടു പറഞ്ഞു.

4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് (ഒക്‌ടോബര്‍ 23) 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ്റെ പ്രതിമ അനാഛാദനം ചെയ്യും. പിന്നീട് ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്‌ദി ആചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

വൈകിട്ട് 4.15നു പാലാ സെഴൻ്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ സമാപനം ഉദ്ഘാടനം നിര്‍വഹിക്കും. ശേഷം, കുമരകത്തെ റിസോർട്ടിൽ താമസിക്കും. ഒക്‌ടോബര്‍ 24നു 12നു കൊച്ചി സെൻ്റ് തെരേസാസ് കോളജിലെ ശതാബ്‌ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here