സംസ്ഥാന സ്‌കൂള്‍ കായിക മേള: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും, സഞ്ജുവും കീർത്തിയും അംബാസഡർമാര്‍

0
38

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിൽ ഒരുക്കുന്ന 67–ാം മത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്‌വിൽ അംബസഡറായി നടി കീർത്തി സുരേഷിനെയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്‌സ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

12 സ്റ്റേഡിയങ്ങളിൽ മത്സരങ്ങള്‍

മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പണി പൂർത്തിയായി വരുന്നായി വാർത്താസമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വടംവലി ഉൾപ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്‌സ് മത്സരങ്ങൾ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ത്രോ ഇവന്‍റ്‌സ് എല്ലാം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

എല്ലാം സ്റ്റേഡിയങ്ങൾ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ അറ്റകുറ്റ പണികൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്‌നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു. മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യൽസിന്‍റേയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉൾപ്പടെ 5 അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തൽ ഒരുക്കുന്നുണ്ട്. സമാപന സമ്മേളനവും യൂണിവേഴ്‌സി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓൺലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര

കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയ്‌ക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്‍റുകള്‍ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here