പാചകം ചെയ്യാൻ ഇനി വിറക് വേണ്ട, സൂര്യൻ മതി;

0
35

ഇവിടെയുള്ള ജനങ്ങൾ വിറകിന് പകരം സൂര്യപ്രകാശം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഇത് പരമ്പരാഗത രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്‌തവും പ്രകൃതിക്ക് ഇണങ്ങിയതുമാണ്. സൂര്യൻ എങ്ങനെ പാചകക്കാരനായി എന്ന് നോക്കിയാലോ?…

കയില്ലാത്ത അടുപ്പും മറ്റുമാണിപ്പോൾ അടുക്കളയിലെ ഫാഷൻ. ഗ്യാസ് സ്‌റ്റൗ, ഇൻഡക്ഷൻ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ് ഭൂരിഭാഗംപേരും. എന്നാല്‍, സൂര്യപ്രകാശത്തില്‍ നിന്ന് പാചകം ചെയ്യുന്ന ഒരു രീതി നമുക്ക് സങ്കല്‍പ്പിക്കാനാകുമോ? ആദ്യമൊന്ന് അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്…

നമ്മുടെ രാജ്യത്ത് തന്നെ അങ്ങിനെയൊരു ഗ്രാമമുണ്ട്. ആന്ധ്രാപ്രദേശിലെ ബൈസാനിവാരിപ്പള്ളി ഗ്രാമത്തിലെ ജനങ്ങളാണ് പുത്തൻ മാറ്റവുമായി രംഗത്തെത്തിയത്. ഇവിടെയുള്ള ജനങ്ങൾ വിറകിന് പകരം സൂര്യപ്രകാശം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഇത് പരമ്പരാഗത രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്‌തവും പ്രകൃതിക്ക് ഇണങ്ങിയതുമാണ്.

വായു മലിനീകരണം കുറയ്ക്കുന്നതിനും സൗരോർജ്ജം ഉപയോഗിച്ചുള്ള പാചകം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി തുടങ്ങിയത്. ന്യൂ ആൻ്റ് റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ(നെഡ്‌ക്യാപ്) ആണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ ബൈസാനിവാരിപ്പള്ളി എന്ന ഗ്രാമത്തെ റിന്യൂവബിൾ എനർജി കോര്‍പ്പറേഷനാണ് തെരഞ്ഞെടുത്തത്.

സ്‌മോക്ക് ഫ്രീ വില്ലേജ്

ഈ പദ്ധതിയിലൂടെ ബൈസാനിവാരിപ്പള്ളിക്ക് സ്‌മോക്ക് ഫ്രീ വില്ലേജ് എന്ന് അംഗീകാരം ലഭിക്കുകയും ചെയ്‌തു. വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പുക, വീടിനുള്ളിലെ മലിനീകരണം, വനനശീകരണം എന്നിവ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സോളാർ പാചക സംരംഭത്തിലൂടെ പരമ്പരാഗത പാചക രീതികളിൽ പുതിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. ഗ്രാമത്തിൽ 35 കുടുംബങ്ങളാണ് ഇതിൽ പങ്കെടുത്തത്.

സൗരോർജ്ജം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും മറ്റും നെഡ്‌ക്യാപ് ഏർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണത്തിനും മറ്റും സുസ്ഥിര പരിഹാരം നൽകുകയാണ് ഈ പദ്ധതി വഴി. സൂര്യൻ്റെ ഊർജ്ജം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കുമെന്നും ഇതിലൂടെ തെളിയിച്ചു.

മെയിൻ പാചക കുട, പാചകം ചെയ്യുന്നത രീതി ഇങ്ങനെ

സൗരോർജ്ജ പാചക കുടയാണ് പ്രധാന ഘടകം. ഓരോ കുടയുടെയും മധ്യഭാഗത്ത് ഇരുമ്പ് ദണ്ഡുകളുണ്ട്. അതിൽ വേണം പാത്രം വച്ച് പാചകം ചെയ്യാൻ. കുട സൂര്യനു നേരെ തിരിച്ച് വയ്‌ക്കണം. ശേഷം പാത്രങ്ങളിലേയ്‌ക്ക് ചൂട് എത്തുകയും വെറും 25 മിനിറ്റിനുള്ളിൽ ഭക്ഷണം തയ്യാറാവുകയും ചെയ്യുന്നു. മറ്റൊരു ആകർഷണം എന്തും പാചകം ചെയ്യാം എന്നതാണ്.

ചെറുധാന്യങ്ങൾ, വറുത്ത നിലക്കടല, ഉഴുന്ന്, പരിപ്പ്, അരി തുടങ്ങി നിരവധി വിഭവങ്ങൾ പാചകം ചെയ്യാൻ സാധിക്കും. സൗരോർജ്ജം ഉപയോഗിക്കുന്നത് വിറകിൻ്റെ ഉപയോഗം കുറക്കുന്നു എന്നതിലുപരി പുകയില്ലാതെ ആരോഗ്യകരമായ പാചകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമവാസികൾ പുത്തൻ രീതിയെ ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുകയാണിപ്പോൾ.

നാട്ടിൽ പാട്ടായി സൂര്യൻ

ഭാവിയിൽ ഏറെ ഗുണം ചെയ്യുന്ന ഒരു സംരംഭമാണിതെന്നും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നെഡ്‌ക്യാപ് സംഘാടകരും അഭിപ്രായപ്പെട്ടു. ഈ സംരംഭം പരിസ്ഥിതിയെ സംരക്ഷിക്കുകയും പുക മൂലമുണ്ടാകുന്ന ശ്വസന പ്രശ്‌നങ്ങൾ കുറയ്ക്കുകയും ഗ്രാമീണരെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാൻ പ്രാപ്‌തരാക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

മാലിന്യവിമുക്ത ഗ്രാമത്തിലേക്കുള്ള ബൈസാനിവാരിപ്പള്ളിയുടെ മാറ്റം രാജ്യത്തെ മറ്റ് ഗ്രാമങ്ങൾക്കും മാതൃകയായിരിക്കുകയാണ്. പരമ്പരാഗത പാചകവും നൂതന സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ രീതികളും എങ്ങനെ സഹവർത്തിക്കാമെന്ന് ഗ്രാമവാസികൾ ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.

ചുരിക്കിപറഞ്ഞാൽ നാട്ടിലെ പാചകക്കാരനായി സൂര്യൻ മാറി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷണം തയ്യാറാക്കാനും മറ്റും ഇത് സഹായിക്കുന്നു. ലളിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യയുടെ സാധ്യതകളെ ഈ സംരംഭം എടുത്തുകാണിക്കുകയും ചെയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here