ഇന്ന് ഒക്ടോബർ 13, ലോക ത്രോംബോസിസ് ദിനമാണ്. ലോകത്തിലെ ഏറ്റവും മാരകവും തിരിച്ചറിയപ്പെടാത്തതുമായ ഒരു അസുഖമാണ് ത്രോംബോസിസ്. പലര്‍ക്കും രോഗം ഗുരുതരമാകുമ്പോഴായിരിക്കും അസുഖത്തെ കുറിച്ച് പോലും അറിയുന്നത്. എന്താണ് ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍? ആരെയൊക്കെയാണ് ബാധിക്കുന്നത്? എങ്ങനെ ചികിത്സിക്കാം എന്ന് നോക്കാം.
ശരീരത്തിലെ രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് വെയ്ന്‍ ത്രോംബോസിസ്. പലപ്പോഴും കാലുകളിലാണ് രക്തം കട്ടപിടിക്കുന്നത് കാണപ്പെടാറുള്ളത്. ഇത് കാലുകളില്‍ വേദനയ്ക്കും നീര്‍ക്കെട്ടിനും കാരണമാകാറുണ്ട്. ദീര്‍ഘനേരം ഇരിക്കുന്നതോ യാത്ര ചെയ്തോ അല്ലെങ്കില്‍ ശരീരം തളര്‍ന്ന് കട്ടിലില്‍ കാലനക്കാതെ കിടക്കേണ്ടി വരുമ്പോഴോ ആണ് കാലുകളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാറുള്ളത്. ഇത്തരം അസുഖം വന്നു തുടങ്ങുമ്പോള്‍ തന്നെ പലരും അതിനെ ഗൗരവമായി എടുക്കാറില്ല. എന്നാല്‍ ധമനിയിലുണ്ടാകുന്ന ഇത്തരം ക്ലോട്ടുകള്‍ രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ എത്തിപ്പെട്ട് ഇവിടുത്തെ രക്തമൊഴുക്കിനെ തടസപ്പെടുത്താന്‍ സാധ്യതയേറെയാണ്. ഇത് ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കും.
ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓണ്‍ ത്രോംബോസിസ് ആൻഡ് ഹീമോസ്റ്റാസിസ് (ISTH) പ്രകാരം ഈ അസുഖം നിരുപദ്രവകാരിയാണെന്ന് പറയുന്നുണ്ടെങ്കില്‍ പോലും ലോകമെമ്പാടുമുള്ള നാല് മരണങ്ങളിലും ഒന്ന് രക്തം കട്ടപിടിച്ചു കൊണ്ടുള്ള മരണമാണ് എന്നാണ് വിലയിരുത്തല്‍.
എയ്‌ഡ്‌സ്, സ്‌തനാര്‍ബുദം, വാഹനാപകടങ്ങള്‍ എന്നിവ മൂലമുള്ള മരണങ്ങളേക്കാള്‍ കൂടുതലാണ് ഇതെന്നാണ് പറയുന്നത്. പപ്പോഴും അസുഖം ഗുരുതരമാകുന്നത് വരെ ആളുകള്‍ ഇതിനെ കുറിച്ച് അറിയുന്നില്ലെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.
എന്താണ് ത്രോംബോസിസ് ?
നമ്മുടെ സിരകളിലോ ധമനികളിലോ രക്തം കട്ടപിടിച്ച് സാധാരണ രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ത്രോംബോസിസ് സംഭവിക്കുന്നത്. ഇങ്ങനെ ശരീരത്തിന്‍റെ ഏത് ഭാഗത്തും രക്ത കട്ടപിടിക്കാം. സാധാരണയായ കാലുകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ശരീരത്തിലെ ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ് (DVT) എന്നു പറയുന്നത്. ഈ ധമനികളിലെ ക്ലോട്ടുകള്‍ രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ എത്തിപ്പെട്ട് ഇവിടെ നിന്നുള്ള രക്തമൊഴുക്കിനെ തടയാന്‍ സാധ്യതയേറെയാണ്. ഇതിനെ പള്‍മനറി എബോളിസം (PE) എന്നാണ് പറയുന്നത്.
ഡീപ് വെയ്‌ന്‍ ത്രോംബോസിസും പള്‍മനറി എബോളിസവും ഒരുമിക്കുന്നതാണ് ത്രോംബോഎംബോളിസം(VTE) എന്നറിയപ്പെടുന്നത്. ഇത് ഗുരുതരമാണ്. ദശലക്ഷകണക്കിന് ആളുകളെയാണ് ഓരോ വര്‍ഷവും ഈ രോഗത്തിനാല്‍ മരണപ്പെടുന്നത്. ഏകദേശം 10 ദശലക്ഷം ആളുകള്‍ എല്ലാ വർഷവും വിടിഇ ബാധിക്കുന്നുണ്ടെന്നാണ് ആഗോള കണക്കുകൾ പറയുന്നത്. ഇന്ത്യയിലും സ്ഥിതി സമാനമാണ്.
തിരിച്ചറിയാതെ പോകുന്ന അസുഖം
ത്രോംബോസിസ് പലപ്പോഴും ആളുകള്‍ തിരിച്ചറിയണമെന്നില്ല. പേശി വേദനയോ അല്ലെങ്കില്‍ കാലിലെ നീര്‍വീക്കമോ വരുമ്പോള്‍ അതിനെ നിസാരമായാണ് കണക്കാക്കുന്നത്. സങ്കീര്‍ണമായ ശസ്‌ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കോ ദീര്‍ഘകാല രോഗത്തിന് അടിമയായ മൂന്ന് രോഗികളില്‍ ഒരാള്‍ക്കോ ഇത്തരത്തില്‍ രക്തം കട്ടപിടിക്കുന്ന അസുഖം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആശുപത്രി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൃത്യമായ ചികിത്സയില്ലാതെ പള്‍മനറി എബോളിസംഉള്ള മൂന്നില്‍ ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.
ഡിവിടി ഇത്ര അപകടകരമാകുന്നത് എന്തുകൊണ്ട്?
ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രത്യക്ഷമാവണമെന്നില്ല, ഇത് തന്നെയാണ് രോഗം കണ്ടെത്താന്‍ കഴിയാതെ വരുന്നതിന് പ്രധാന കാരണം. ചിലപ്പോള്‍ നിങ്ങള്‍ക്ക് രോഗം ഭേദമായി തോന്നാം. എന്നാല്‍ തൊട്ടടുത്ത നിമിഷം കാലില്‍ വേദനയോ വീക്കമോ അനുഭവപ്പെട്ടേക്കാം.
രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്ക് നീങ്ങുകയാണെങ്കില്‍ പെട്ടെന്ന് ശ്വാസതടസം, നെഞ്ചുവേദന, ചുമയ്ക്കുമ്പോള്‍ രക്തം വരുന്ന അവസ്ഥ എന്നിങ്ങനെ ലക്ഷണങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷപ്പെടാം. ഇവ വളരെ വേഗത്തില്‍ തന്നെ മാരകമായേക്കാം. ഡിവിടിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ബാധിച്ചവര്‍ക്ക് പലപ്പോഴും കൃത്യസമയത്ത് ആശുപത്രികളില്‍ പോലും എത്താന്‍ കഴിയാറില്ല.
ശരീരത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും രക്തം കട്ടപിടിക്കാം. ലക്ഷണങ്ങളൊക്കെ അവ എവിടെയാണ് രൂപ പ്പെടുന്നത് എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ഏറ്റവും സാധാരണവും അപകടകരവുമായ രണ്ട് തരം അസുഖങ്ങളാണ് ഡീപ് വെയിൻ ത്രോംബോസിസ് (DVT), പൾമണറി എംബോളിസം (PE) എന്നിവ.
ഡീപ് വെയ്ന്‍ ത്രോംബോസിസ് ലക്ഷണങ്ങള്‍
- കാലുകളില്‍ നീര്‍ക്കെട്ട്, കണങ്കാലില്‍ നിന്ന് ആരംഭിച്ച് പിന്നീട് കാലിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന.
- രക്തം കട്ടപിടിക്കുന്നത് കയ്യിലോ കാലിലോ തോളിലോ ആണെങ്കില്‍ വേദന അനുഭവപ്പെടാം.
- രക്തം കട്ടിപിടിച്ചിരിക്കുന്ന ഭാഗത്ത് സ്‌പര്‍ശിക്കുമ്പോള്‍ അസാധാരണമായ ചൂട് അനുഭവപ്പെടാം.
- കാലിലെ ചര്‍മത്തിലെ നിറം ചുവപ്പോ നീലയോ ആയി മാറും.
എന്നാല്‍ ഈ ലക്ഷണങ്ങളൊന്നും എപ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെടണമെന്നില്ല. അവയില്‍ ഉണ്ടാകുന്ന ഒന്നോ രണ്ടോേ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഉടനടി വൈദ്യസഹായം തേടാവുന്നതിനുള്ള കാരണങ്ങളാണ്.
പൾമണറി എംബോളിസത്തിന്‍റെ (PE) ലക്ഷണങ്ങൾ
രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് പൾമണറി എംബോളിസം സംഭവിക്കുന്നത്. വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ ജീവന് ഭീഷണിയായേക്കാം.
- ശ്വാസംമുട്ടൽ: വിശ്രമിക്കുമ്പോൾ പോലും പെട്ടെന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
- ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടല്‍, വേഗത്തിലുള്ള ശ്വാസഗതി എന്നിവയും അനുഭവപ്പെടാം.
- നെഞ്ചുവേദന ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് പ്രധാന ലക്ഷണമാണ്. ഇത് ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
- തലകറക്കം അല്ലെങ്കിൽ ബോധക്ഷയം: തലകറക്കം അനുഭവപ്പെടുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യുന്നത് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതിന്‍റെ സൂചനയായിരിക്കാം.
- ചുമയ്ക്കുമ്പോൾ രക്തം ശര്‍ദ്ദിക്കുക എന്നിവയും ഇതിന്‍റെ ലക്ഷണമാണ്.
മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ നേരിയതായി തോന്നിയാൽ പോലും, ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്. ഇല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും.







