കഫ് സിറപ്പ് ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്‌പൂരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വൃക്ക രോഗ സംബന്ധമായ തകരാറാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഔദോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിശാല്‍(5) മായങ്ക് സൂര്യവംശി (4) എന്നിവരാണ് ബുധനാഴ്‌ച (ഒക്‌ടോബര്‍ 8) വൈകുന്നേരം മരിച്ചത്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നതിനിടയിലാണ് മരണം. ചിന്ദ്വാര അഡീഷണല്‍ കളക്‌ടര്‍ ധിരേന്ദ്ര സിംഗ് നേത്രി പറഞ്ഞു.
അതേസമയം കഫ് സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്‌തു. രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്‌തത്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിന് പിന്നാലെ കമ്പനി ഉടമായ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു. പിന്നാലെ സര്‍ക്കാര്‍ എസ് ഐ ടി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പ്രതിയെ ചെന്നൈ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്‌ചയോടെ മധ്യപ്രദേശിലേക്ക് കൊണ്ടുവരുമെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ , ജിതേന്ദ്ര സിംഗ് ജാട്ട് പറഞ്ഞു.
കോള്‍ഡ്രിഫ് കഫ് സിറപ്പിന്‍റെ വില്‍പ്പന മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിരോധിച്ചു. മരുന്നിന്‍റെ സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരകത്തെ ശ്രേസന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ് ഐ ടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് കഴിച്ച കുട്ടികളില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു.
കഫ് സിറപ്പില്‍ വിഷാംശം നിറഞ്ഞ വ്യവസായിക രാസവസ്‌തു അടങ്ങിയിട്ടുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മരുന്നില്‍ 48.9 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതായാണ് തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം മധ്യപ്രദേശ് സർക്കാരിനെ അറിയിച്ചത്.
ജാഗ്രതാ നിര്‍ദേശങ്ങളുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ
അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിൽ കർശന നിർദേശവുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രംഗത്തെത്തി. 1945ലെ ഡ്രഗ്‌സ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിർദേശം നൽകി.
മരുന്ന് നിർമാണത്തിനായുള്ള അസംസ്‌കൃത വസ്‌തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. രാജീവ് സിങ് രഘുവംശിയുടെ നിർദേശം. മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തത്തിന് പിന്നാലെയാണ് ഡിസിജിഐ ഉത്തരവുകൾ വന്നിരിക്കുന്നത്.








