ശബരിമലക്ക് പിന്നാലെ മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രത്തിലും സ്വര്‍ണം കാണാതായ സംഭവം; കേസെടുത്ത് പൊലീസ്

0
90

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ ടി ടി വിനോദിനെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്. 2023 ൽ വിനോദ് കുമാർ സ്ഥലം മാറി പോയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫിസർമാർക്ക് കൈമാറിയിരുന്നില്ല. 57.37 പവൻ സ്വർണമാണ് വിനോദ് കുമാറിന് മുൻ ഓഫിസർ കൈമാറിയത്.

ശബരിമലക്ക് പിന്നാലെ മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രത്തിലും സ്വര്‍ണം കാണാതായെന്ന പരാതി കഴിഞ്ഞ ദിവസമാണ് ഉയർന്നത്. 2016 മുതൽ ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫിസർ ആയിരുന്നു. 2016 മുതൽ ഏഴുവർഷ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരുന്നത്.

ഈ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നുമില്ല. തുടർന്ന് ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഓഫിസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം ബോർഡിന് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.

നാല് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവിടെ മാറിമാറി വന്നത്. ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസറായി വന്ന സജീവന്‍ സ്വര്‍ണ ഉരുപ്പടികളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് അദ്ദേഹം നേരത്തെ എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, വിനോദിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല. സജീവന് ശേഷമെത്തിയ ഓഫിസര്‍മാരായ ഹരിദാസനും ദിനേശനും സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.

വര്‍ഷങ്ങളായി കാണാനില്ലാത്ത സ്വര്‍ണത്തിൻ്റെ കാര്യം ഇപ്പോള്‍ വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും പൊലീസില്‍ പരാതി നല്‍കാത്തതിനെതിരെ ആക്ഷേപമുയർന്നതോടെയാണ് നിലവിലെ എക്‌സിക്യൂട്ടീവ് ഓഫിസർ ദിനേഷ് കുമാർ പൊലീസിനെ സമീപിച്ചത്. ദിനേഷിന്‍റെ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം നടുവത്തൂർ ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് സ്വർണം കാണാതായെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ വാർത്ത സമ്മേളനം നടത്തി അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ സ്വർണത്തിനും ദൈവത്തിനും പിണറായി ഭരണത്തിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് ഭക്തർ കാണിക്ക നൽകിയ സ്വർണാഭരണങ്ങൾ ആണ് ബാലുശ്ശേരി കോട്ടയിൽ നിന്ന് കാണാതെ പോയത്. 2020 നു ശേഷമാണ് നടുവത്തൂർ ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായതെന്ന് അദ്ദേഹം പറഞ്ഞു.

“ഇത്രയും കാലം കാണാത്ത ദൈവസ്നേഹം സ്വർണം അടിച്ചുമാറ്റാൻ ആണോ, ഇതിനെല്ലാം മറുപടി ദൈവം നൽകും” എന്ന് പ്രവീൺകുമാർ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. പിണറായി ഭരണകാലം ഇനിയും തുടർന്നാൽ ഭക്തർ എങ്ങനെയാണ് ധൈര്യമായി സ്വർണം വഴിപാടായി നൽകുകയെന്നും പ്രവീൺകുമാർ വിമർശനം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here