നവരാത്രി പൂജ, ദീപാവലി ആഘോഷക്കാലം ആകുമ്പോൾ വില വർധിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു വര്‍ധനവ് ആദ്യമായിട്ടാണെന്ന് വ്യാപാരികള്‍.
വില സർവകാല റെക്കോർഡും മറികടന്ന് കൊട്ടത്തേങ്ങയും. 40 രൂപയാണ് ഒരു വലിയ കൊട്ടത്തേങ്ങയുടെ നിലവിലെ വില. ഒരു പിടിയിൽ ഒതുങ്ങുന്ന ചെറിയ കൊട്ടത്തേങ്ങക്കും 30 രൂപ വിലയുണ്ട്. പച്ചത്തേങ്ങ ഒന്നിന് ശരാശരി 20 രൂപ ലഭിക്കുമ്പോഴാണ് കൊട്ടത്തേങ്ങയുടെ വില നേരെ ഇരട്ടിയായത്.
ഇരുപതില്‍ നിന്നും നാല്‍പതിലേക്ക് കുതിപ്പ്
നവരാത്രി പൂജ, ദീപാവലി ആഘോഷക്കാലം ആകുമ്പോൾ വില വർധിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു വര്‍ധനവ് ആദ്യമായിട്ടാണെന്ന് വ്യാപാരിയായ ഹാഷിം കുറ്റ്യാടി പറഞ്ഞു. മിക്ക ലോഡുകളും നേരത്തെ തന്നെ വടക്കേ ഇന്ത്യയിലേക്ക് കയറ്റി പോയി. ഇപ്പോൾ വിപണിയിൽ ഡിമാൻഡ് കൂടിയതോടെയാണ് വിലയും വർധിച്ചത്. ഈ വർഷം തന്നെ വില ഇരട്ടിയായി എന്നതും എടുത്തു പറയേണ്ടതാണ്. തുടക്കത്തിൽ ശരാശരി 20 രൂപയായിരുന്ന വിലയാണ് ഇപ്പോൾ നാൽപ്പതിൽ എത്തിയിരിക്കുന്നതെന്നും ഹാഷിം പറഞ്ഞു.
സാധാരണ വലിയ നിലയില്‍ വില ഉയരാത്ത കൊട്ടത്തേങ്ങയ്ക്ക് മാസങ്ങളായി വില ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം പൂജ സീസണ്‍ കഴിഞ്ഞപ്പോള്‍ വില അല്‍പം കുറഞ്ഞിരുന്നെങ്കിലും പിന്നീട് ഉയർന്നു. 40,000 രൂപയാണ് ആയിരം വലിയ കൊട്ടത്തേങ്ങയുടെ ഇന്നലെ മാര്‍ക്കറ്റിലെ വില. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 14,000 രൂപയായിരുന്നു വില. ഈ മാസം ആദ്യം തന്നെ മാറ്റം കണ്ടു തുടങ്ങിയിരുന്നു. ഓഗസ്റ്റില്‍ 26,000 രൂപയായിരുന്നത് ഈ മാസാദ്യം 28,500 രൂപയായി ഉയർന്നു. ആദ്യ ആഴ്‌ചയില്‍ 33,500 രൂപ വരെ എത്തി. കഴിഞ്ഞ ഒക്ടോബറില്‍ 11250 രൂപയും നവംബറില്‍ 13,500 രൂപയുമായി വില താഴ്ന്നിരുന്നു. 2025 ഏപ്രിലില്‍ 20,000 രൂപയായത് ജൂണില്‍ 28000 രൂപയും ജൂലൈയില്‍ 29000 രൂപയുമായി.
അഞ്ചായി തരം തിരിച്ച് വില്‍പന
പൂജ ആവശ്യത്തിനാണ് കൊട്ടത്തേങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയിലേക്കാണ് കയറ്റുമതി. കൊട്ടത്തേങ്ങ അതിൻ്റെ വലുപ്പത്തിന് അനുസരിച്ച് അഞ്ച് ആയി തരം തിരിച്ചാണ് അയക്കുന്നത്. ഒരു ചാക്കില്‍ 400 എണ്ണം വരുന്നതാണ് ആദ്യ ഇനം. വലുപ്പം കൂടുന്നതിന് അനുസരിച്ച് 325, 300, 275, 250 എന്നിങ്ങനെ ആകും എണ്ണം.
വലിപ്പത്തിനും ആകൃതിക്കും അനുസരിച്ചാണ് കോട്ടതേങ്ങയുടെ ഡിമാൻഡ്. നല്ല വലിപ്പമുള്ള ഉരുണ്ട തേങ്ങ ഏറ്റവും വില കിട്ടും. ഏറ്റവും ചെറിയ തേങ്ങയുടെ കണക്ക് ഒരു പിടിയാണ്. തള്ളവിരലും നടുവിരലും ചേർത്ത് തേങ്ങയിൽ പിടിച്ചാൽ അതിൽ ഒതുങ്ങണം. അതിൽ ചെറുതാണെങ്കിൽ തരം തിരിച്ച് പോകും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തേങ്ങ കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടി
കോഴിക്കോട് വലിയങ്ങാടിക്ക് തൊട്ടടുത്തുള്ള തീരമാണ് കൊട്ടത്തേങ്ങയുടെ ഏറ്റവും വലിയ വ്യാപാരസ്ഥലം. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുപോലും ഇവിടേക്ക് തേങ്ങ എത്താറുണ്ട്. അത് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാണ്. പച്ചത്തേങ്ങയ്‌ക്ക് വില കുത്തനെ ഇടിഞ്ഞ സമയത്തും കൊട്ടത്തേങ്ങയ്‌ക്ക് ഡിമാൻഡ് ഉണ്ടായിരുന്നു.
കൊട്ടത്തേങ്ങയുണ്ടാക്കുന്നത് ഇങ്ങനെ…
പുകയും ചൂടും കിട്ടുന്ന അട്ടങ്ങളിൽ ഒരു കാലത്ത് ആയിരക്കണക്കിന് കൊട്ടതേങ്ങ ഉണ്ടാകുമായിരുന്നു. എന്നാൽ അത് പാടെ നിലച്ച അവസ്ഥയാണ്. പച്ച തേങ്ങയ്ക്ക് വലിയ വില കിട്ടുന്നതോടെ വലിയ തേങ്ങകൾ കർഷകർ പൊതിച്ച് വിൽക്കും. തരംതിരിക്കുന്ന ചെറിയ തേങ്ങയാണ് വെയിലിലോ പുകയിലോ ഉണക്കി കൊട്ടത്തേങ്ങയാക്കുന്നത്.
ശരാശരി ആറുമാസം കൊണ്ട് തന്നെ പച്ച തേങ്ങ ഉണങ്ങിയായി കൊട്ടയാടും. പൊതിക്കുന്ന സമയത്ത് ചകിരി തുമ്പ് മുൻവശത്ത് ഉണ്ടാവണമെന്ന് നിർബന്ധമാണ്. അതില്ലെങ്കിൽ മാർക്കറ്റിൽ ചെലവാകില്ല. പകരം ചിരട്ട പൊട്ടിച്ച് ഉണ്ടകൊപ്രയായി നിൽക്കേണ്ടിവരും. മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ ആണ് പൊതിക്കുന്ന സമയത്ത് ചകിരിത്തുണ്ട് വയ്ക്കുന്നത്.
കൊവിഡില്‍ തിരിച്ചടി നേരിട്ട വിപണി
കോഴിക്കോട് സൗത്ത് ബീച്ച് റോഡരികിൽ കൊട്ടത്തേങ്ങ കൂട്ടിയിട്ട് തൊഴിലാളികൾ തരംതിരിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. കൊവിഡിന്‍റെ സമയത്താണ് കൊട്ടത്തേങ്ങ വിപണി തകർന്ന് പോയത്. വിപണി അടഞ്ഞത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ആയിരക്കണക്കിന് കേര കർഷകർക്ക് തിരിച്ചടിയായിരുന്നു. ലോക്ക്ഡൗണിൽ കോഴിക്കോട്ടെ വിപണി പൂർണമായും അടഞ്ഞിരുന്നു.








