ഡോക്‌ടര്‍മാര്‍ക്കുള്ള പരിശീലനം ഇനിയെളുപ്പം; ‘ഡാവിഞ്ചി സർജിക്കൽ റോബോട്ട്’ അവതരിപ്പിച്ച് എയിംസ്

0
36

അത്യാധുനിക ‘ഡാവിഞ്ചി സർജിക്കൽ റോബോട്ട്’ അവതരിപ്പിച്ച് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ഇൻറ്യൂറ്റീവ് ഇന്ത്യയുടെ നേതൃത്വത്തിലാണ് റോബോട്ട് സ്ഥാപിച്ചിട്ടുള്ളത്. റോബോട്ടിക് സർജറിയെ കുറിച്ച് ഡോക്‌ടോഴ്‌സിനും മറ്റും പരിശീലനം നൽകുന്നതിനായിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഡാവിഞ്ചി സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതോടെ, രണ്ട് വ്യത്യസ്‌ത സർജിക്കൽ റോബോട്ടുകളുള്ള ഇന്ത്യയിലെ ഏക സ്ഥാപനമായി എയിംസ് ന്യൂഡൽഹി മാറും. ഇതിന് മുമ്പ് മെഡ്‌ട്രോണിക് നൽകിയ ഒരു ‘ഹ്യൂഗോ’ പരിശീലന റോബോട്ടും കോളജിലുണ്ട്. കഴിഞ്ഞ വർഷമാണ് ഇൻറ്യൂറ്റീവും ന്യൂഡൽഹിയിലെ എയിംസും ചേർന്ന് റോബോട്ടിക് അസിസ്‌റ്റഡ് സർജറിക്കായി പുതിയ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

എയിംസ് കൂടാതെ മറ്റ് സ്ഥാപനങ്ങളിലും ഇത്തരം സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികൾ നടക്കുകയാണ്. വിദ്യാർഥികൾക്കും നഴ്‌സുമാർക്കും മറ്റും എളുപ്പത്തിൽ പഠിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുവാനും ഇത് സഹായകമാകും. ഡാവിഞ്ചി സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിലൂടെ പരിശീലന അവസരങ്ങൾ വർധിക്കുകയും വികസനത്തിന് തുടക്കമാവുകയും ചെയ്യും.

ഇത് സർജന്മാർക്കും മറ്റും റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിൽ പ്രായോഗിക പരിചയം നേടാൻ പ്രാപ്‌താരാക്കുന്നു. യൂറോളജി, ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങിയ മേഖലകളിലായിരിക്കും റോബോട്ടുകളുടെ സേവനങ്ങൾ ലഭിക്കുക. ഇത്തരം പരിശീലനത്തിലൂടെ ശസ്ത്രക്രിയയിലും വിദ്യാഭ്യാസത്തിലും മറ്റും എയിംസ് ഡൽഹി മുന്നിട്ട് നിൽക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന് എയിംസ് ഡൽഹി ഡയറക്‌ടർ ഡോ.എം ശ്രീനിവാസ് പറഞ്ഞു.

നൂതന റോബോട്ടിക് സാങ്കേതികവിദ്യകളിൽ ശസ്ത്രക്രിയകൾ നടത്താൻ സർജന്മാരെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. വിദേശത്തോ മറ്റോ പോയി പഠിക്കേണ്ട ആവശ്യമില്ലെന്നും സ്ഥാപനത്തിനുള്ളിൽ തന്നെ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻറ്റ്യുട്ടീവ് ഇന്ത്യയുടെ വൈസ് പ്രസിഡൻ്റും ജനറൽ മാനേജരുമായ ശ്രീ രോഹിത് മഹാജനാണ് ഇതിന് ആവശ്യമായ പിന്തുണ നൽകുന്നത്. അടുത്ത തലമുറയില്‍ റോബോട്ടിക് സർജന്മാരെ വളർത്തിയെടുക്കാൻ സാധിക്കും. നൂതനമായ മിനിമലി ഇൻവേസീവ് ടെക്‌നിക്കുകളെ കുറിച്ച് കൂടുതൽ എക്സ്പോഷർ നേടാനും പ്രാക്‌ടീസ് ചെയ്യാനും മറ്റും കഴിയുമെന്ന് ഡൽഹി എയിംസിലെ യൂറോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.അംലേഷ് സേത്ത് പറഞ്ഞു.

എന്താണ് റോബോട്ടിക് സർജറി: റോബോട്ടിക് സർജറിയില്‍ പൂർണമായും റോബോട്ടുകൾ അല്ല ശസ്‌ത്രക്രിയ നടത്തുന്നത് റോബോട്ടിന്‍റെ സഹായത്തോടെ സർജനാണ് ഓപ്പറേഷൻ നടത്തുക. പ്രധാനമായും ഈ മെഷീന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്.

  1. റോബോട്ടിനെ കണ്‍ട്രോൾ ചെയ്യുന്നതിനായി സർജൻ ഇരിക്കുന്ന ഭാഗം.
  2. ക്യാമറ ഓപ്പറേഷൻ ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവ ഘടിപ്പിച്ച ഭാഗം.
  3. ‘വിഷൻ കാർട്’- ഈ ഭാഗമാണ് മറ്റ് രണ്ട് ഭാഗങ്ങളെ കണക്‌ട് ചെയ്യുന്നതും മെഷീന്‍ നിയന്ത്രിക്കാൻ സര്‍ജനെ സഹായിക്കുന്നതും.

സങ്കീർണമായ ഭാഗങ്ങളിൽ ശസ്‌ത്രക്രിയ നടത്തുന്ന സമയത്ത് രോഗിക്ക് ഉണ്ടാവുന്ന ചെറിയ മുറിവുകൾ, വേദന എന്നിവ പോലുള്ളവ ഒഴിവാക്കാൻ റോബോട്ടിക് സർജറിയിലൂടെ സാധിക്കും. ഇത് മൂലം രോഗിക്ക് സർജറിക്ക് ശേഷം അധികകാലം വിശ്രമം വേണ്ടി വരില്ല. മെഷീനിലെ മാഗ്നിഫൈഡ് വ്യൂ ഉപയോഗിച്ച് ഡോക്‌ടർക്ക് സർജറി ചെയ്യുന്ന ഭാഗം കൂടുതൽ കൃത്യതയോടെ കാണാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here