ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്ങൾ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാസ്ത്രശാഖ. 1960 കളിൽ വികസിപ്പിച്ചെടുത്ത പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തമാണ് ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ടെക്ടോണിക ബലത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വസ്തുതകൾ അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം വലുതും ചെറുതുമായ നിരവധി ഫലകങ്ങളുടെ സംയോജനമാണ് ഭൂമിയുടെ പുറന്തോട്. ഇവയുടെ സ്ഥാനചലനമാണ് ഭൗമോപരിതല ഘടനയിൽ വൈരൂപ്യം സൃഷ്ടിക്കുന്നതെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.
ഭൂമിയുടെ പുറംതോടു് വലിയ ഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നു. ഇവയെയാണ് ടെക്റ്റോണിക് ഫലകങ്ങൾ (tectonic plates) എന്ന് പറയുന്നത്. ഈ ഫലകങ്ങൾ ഭൂമിയുടെ ചൂടിൽനിന്നുള്ള ഊർജ്ജം കാരണം നിരന്തരം സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നു, ഇത് ഭൂകമ്പങ്ങൾ, പർവതങ്ങൾ രൂപപ്പെടൽ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഒരു ടെക്റ്റോണിക് ഫലകത്തെ ലിത്തോസ്ഫെറിക് ഫലകമെന്നും വിളിക്കുന്നു, ഇത് വൻകരയുടെയും സമുദ്രത്തിന്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.
ടെക്റ്റോണിക് ഫലകങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു?
- ലിത്തോസ്ഫിയർ: ഭൂമിയുടെ ഏറ്റവും പുറത്തുള്ള പാളി, അതായത് പുറംതോടും ഭൂവൽക്കവും ചേർന്ന ഭാഗമാണ് ലിത്തോസ്ഫിയർ. ഇത് കട്ടിയുള്ളതും കട്ടിയുള്ളതും ദൃഢമായതുമായ ഭാഗങ്ങളാണ്.
- ആസ്റ്റെനോസ്ഫിയർ: ലിത്തോസ്ഫിയറിന് താഴെയുള്ള പാളിയാണ് ആസ്റ്റെനോസ്ഫിയർ. ഈ പാളി ദ്രാവകത്തോട് അടുത്ത് മെല്ലെ ചലിക്കുന്നതും പ്ലാസ്റ്റിക് സ്വഭാവമുള്ളതുമാണ്.
ജപ്പാന്റെ രൂപവത്കരണം : മൊത്തം ജപ്പാൻ ദ്വീപുകളും അഗ്നിപർവതജന്യമാണ്. സമുദ്രോപരിതലം അടങ്ങിയ ഒരു ഫലകം ഇത്തരത്തിലുള്ള മറ്റൊരു ഫലകവുമായി കൂട്ടിയിടിച്ച് ഒന്ന് മറ്റൊന്നിനടിയിലേക്ക് തെന്നി മാറുമ്പോൾ ഈ പ്രദേശത്ത് സമുദ്രത്തിൽ ഒരു കിടങ്ങ് രൂപം കൊള്ളുന്നു. അടിയിലേക്ക് തെന്നി നീങ്ങിയ ഫലകത്തിന്റെ അവശിഷ്ടങ്ങൾ ആഴക്കടലിൽ ഉരുകി മാഗ്മയായി വീണ്ടും ഉയരുകയും അഗ്നിപർവതങ്ങൾ രൂപം കൊള്ളാൻ ഇടയാകുകയും ചെയ്യുന്നു. ഇത്തരം അഗ്നിപർവതങ്ങളുടെ പ്രവർത്തനഫലമായി പുതിയ ദ്വീപുകൾ രൂപാന്തരപ്പെടുന്നു. പസഫിക് ഫലകം യുറേഷ്യൻ ഫലകത്തിനടിയിലേക്ക് തെന്നിമാറിയതിന്റെ ഫലമായി ഇത്തരത്തിലാണ് ജപ്പാൻ രൂപം കൊണ്ടത്.
ആൻഡീസ് മലനിരകൾ : സമുദ്രോപരിതലമുള്ള ഖനമേറിയ ഫലകങ്ങൾ, കര ഉപരിതലമുള്ള താരതമ്യേന കനം കുറഞ്ഞ ഫലകങ്ങളുമായി സന്ധിക്കുമ്പോൾ ആദ്യത്തേത് രണ്ടാമത്തേതിനടിയിലേക്ക് തെന്നി നീങ്ങുന്നു. കൂട്ടിയിടിയിലുണ്ടാകുന്ന വൻ മർദ്ദവും അടിയിൽ നിന്നുള്ള മാഗ്മയും അഗ്നിപർവതരൂപേണ പുറത്തേക്ക് വരുകയും മലനിരകളുടെ രൂപവത്കരണത്തിന് കാരണമാകുകയും ചെയ്യുന്നു. തേക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറൻ തീരമായ ആൻഡീസ് മലനിരകൾ ഇതിന് ഉത്തമോദാഹരണമാണ്
ഭൂകമ്പം : ചലിക്കുന്ന ഫലകങ്ങൾക്കിടക്കുള്ള ഘർഷണമാണ് ഭൂകമ്പത്തിന് കാരണം. രണ്ടു ഫലകങ്ങൾ കൂട്ടിയിടിക്കുകയോ, പരസ്പരം അകലുകയോ അല്ലെങ്കിൽ പരസ്പരം ഉരസി നീങ്ങുകയോ ചെയ്യുന്നതിനിടയിൽ ഘർഷണം മൂലം വൻ തിട്ടകൾ രൂപപ്പെടുന്നു. ഫലകങ്ങൾ ഈ തിട്ടകളിൽ തടഞ്ഞ് ചലനത്തിൽ നിന്നും താൽക്കാലികമായി തടയപ്പെടുന്നു. കാലക്രമേണ ഈ തിട്ടകൾ പൊടുന്നനേ തകരുകയും ഫലകങ്ങളിൽ വൻതോതിലുള്ള ചലനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതാണ് ഭൂകമ്പം
സമുദ്രമദ്ധ്യതിട്ടകളുടെ രൂപവത്കരണം: സമുദ്രോപരിതലമുള്ള രണ്ടു ഫലകങ്ങൾ തമ്മിൽ അകലുമ്പോൾ രണ്ടു ഫലകങ്ങളുടെ വിടവിൽ സമുദ്രമദ്ധ്യത്തിൽ ഒരു തിട്ട രൂപം കൊള്ളുന്നു. ഇതിലൂടെ ഉയരുന്ന മാഗ്മ മൂലം വലിയ മലനിരകൾ രൂപം കൊള്ളുന്നു. ഈ മാഗ്മ ഉറച്ച് പുതിയ കടൽത്തട്ട് നിരന്തരം രൂപപ്പെട്ടുകൊണ്ടിരിക്കും. വിടവുകളിലൂടെ ഇറങ്ങുന്ന സമുദ്രജലം ആവിയായി പുറത്തേക്കു വരുന്നു. ഇതിനെയാണ് ബ്ലാക്ക് സ്മോക്കേഴ്സ് എന്നു പറയുന്നത്. ഫലകചലനം മൂലം യുറോപ്പും ആഫ്രിക്കയും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നകലുമ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിൽ ഇത്തരം തിട്ടകൾ രൂപം കൊള്ളുന്നു.
കിഴക്കൻ ആഫ്രിക്കൻ വിള്ളൽ മേഖല: രണ്ടു ഫലകങ്ങൾ തമ്മിൽ പരസ്പരം അകലുന്നത്, ഭൂവൽക്കത്തിൽ ഭ്രംശങ്ങളും, അഗ്നിപർവതങ്ങളും, ഭൂകമ്പങ്ങളും സൃഷ്ടിക്കുന്നു. രണ്ടോ മൂന്നോ കോടി വർഷങ്ങൾക്കു മുൻപ് അറേബ്യൻ ഫലകം ആഫ്രിക്കൻ ഫലകത്തിൽ നിന്ന് വേർപെട്ടു പോയുണ്ടായ വിള്ളലിലാണ് ചെങ്കടൽ രൂപം കൊണ്ടിരിക്കുന്നത്. കുറച്ച് ലക്ഷം വർഷങ്ങൾക്കു ശേഷം ഈ മേഖലയിൽ മറ്റൊരു കടലിന്റെ രൂപവത്കരണത്തിനും സാധ്യതയുണ്ട്.
Like this:
Like Loading...