തെരുവുനായകള്‍ക്കായി കോഴിക്കോട്ടും വരുന്നു ഡോഗ് പാര്‍ക്ക്

0
44

കോഴിക്കോട്: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നായകൾക്കായി ഒരു ഡോഗ് പാർക്ക് എന്ന ആശയവുമായി കോഴിക്കോട് കോർപ്പറേഷൻ. ഇതിനായി അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കോർപ്പറേഷൻ അധികൃതർ. സ്ഥലം ലഭ്യമായാൽ നായകളെ പ്രത്യേകമായി പാർപ്പിക്കുന്ന രീതിയിലുള്ള ഡോഗ് പാർക്ക് സജ്ജമാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പറഞ്ഞു.

ഈ പദ്ധതി പ്രാഥമിക ഘട്ടത്തിലാണ്. പാർക്കിന്‍റെ നടത്തിപ്പ്, മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. കൗൺസിൽ അംഗീകരിച്ചാൽ വേഗത്തിൽ തുടർനടപടികളിലേക്ക് നീങ്ങും. തെരുവുനായ ശല്യത്തിന് എങ്ങനെയും പരിഹാരം കാണുകയാണ് കോർപ്പറേഷന്‍റെ ലക്ഷ്യം.

പദ്ധതിക്കായി നഗരപരിധിയിലോ പുറത്തോ അനുകൂലമായ സ്ഥലമാണ് തേടുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന രീതിയിലോ അല്ലെങ്കിൽ സ്വകാര്യ സംരംഭകരെ കണ്ടെത്തി നടത്തിപ്പ് ഏൽപ്പിക്കുന്ന രീതിയിലോ ഇത് നടപ്പാക്കും. സ്വകാര്യ സംരംഭങ്ങളിൽ നിന്ന് ഭൂമി കണ്ടെത്താനായി താത്പര്യപത്രം ക്ഷണിക്കാനുള്ള അജൻഡ അടുത്ത ദിവസം ചേരുന്ന കൗൺസിൽ പരിഗണിക്കും.

ആക്രമണകാരികളായ തെരുവുനായകൾ, രോഗമുള്ളവ എന്നിവയെ പാർക്കിലേക്ക് മാറ്റിയേക്കും. തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽനിന്ന് നായകളെ മാറ്റാനും ഇടപെടലുണ്ടാവും. നായകളെ വന്ധ്യംകരിച്ച് ഭക്ഷണമുൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ജനവാസം കുറഞ്ഞ മേഖലയാണ് പാർക്കിനായി തിരഞ്ഞെടുക്കുന്നത്. മതിലുകൾ കെട്ടി, പ്രത്യേക വലിയ കൂടുകളിലാക്കിയാവും നായകളെ സംരക്ഷിക്കുക. അടുത്തിടെ തെരുവുനായ ശല്യം വർധിക്കുകയും നിരവധി പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. തെരുവുനായ പ്രശ്നം സുപ്രീം കോടതി വരെ എത്തുകയും ചെയ്തിരുന്നു.

2024–25 ബജറ്റിൽ നിർദേശിച്ച പദ്ധതിയാണ് ഡോഗ് പാർക്ക്. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ ആദ്യത്തെ ഡോഗ് പാർക്കായിരിക്കും ഇത്. സംസ്ഥാനത്ത് പാലാ നഗരസഭയിലാണ് നിലവിൽ ഡോഗ് പാർക്ക് ആരംഭിച്ചത്.

പദ്ധതിക്ക് പൂർണ സഹകരണം വാഗ്ദാനം ചെയ്ത് മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തി. “നായകൾക്ക് നല്ല സംരക്ഷണം ലഭിക്കുമെങ്കിൽ പൂർണമായും സഹകരിക്കുമെന്ന് പീപ്പിൾസ് ഫോർ അനിമൽസ് സംഘടനയുടെ പ്രസിഡന്‍റ് ഷൈമ പറഞ്ഞു. “ഇത് മികച്ച ആശയമാണ്. എന്നാൽ തെരുവിൽ നിന്ന് പിടിക്കുന്ന അവയെ ഒരു ചട്ടക്കൂടിൽ കൊണ്ടിട്ട് കൊല്ലാക്കൊല ചെയ്യരുത്.

ഭക്ഷണമടക്കം പരിപാലനത്തിന് ഒരു സംഘം തന്നെ വേണം. ആളുകൾക്ക് ശല്യമാവുന്ന രീതിയിലേക്ക് അത് മാറരുത്. അപ്പോഴാണ് വിഷം ചേർത്ത ഭക്ഷണം എറിഞ്ഞ് കൊടുത്ത് കൊല്ലുന്ന സംഭവങ്ങൾ വരെ ഉണ്ടാകുക,” . ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കിൽ പ്രതിഫലം ഇല്ലാതെ താനും തൻ്റെ സംഘടനയും ഈ പദ്ധതിക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി തെരുവുനായകളുടെ സംരക്ഷകയാണ് ഷൈമ. ഉപേക്ഷിക്കപ്പെട്ടവയും, പരിക്കേറ്റ് ജീവൻ തിരിച്ചുപിടിച്ചവയും, കൊവിഡ് കാലത്ത് പെറ്റ്സ് ഷോപ്പിൽ പൂട്ടിയിട്ട് ജീവനോട് മല്ലടിച്ചവയും അവരുടെ വീട്ടിലുണ്ട്. അവർക്കെല്ലാം ആരോഗ്യം തിരിച്ച് കിട്ടി, ആയുസും. ഇതുപോലെ ഓരോ ജില്ലയിലും തെരുവുനായകൾക്കായി ആശ്രയകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഷൈമ വർഷങ്ങളായി ആവശ്യപ്പെട്ടുവരുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം എ.ബി.സി. അഥവാ ‘അനിമൽ ബർത്ത് കൺട്രോൾ’ പദ്ധതിയിലൂടെ നായ്ക്കളെ വന്ധീകരിച്ച് പ്രതിരോധ കുത്തിവെയ്പ് നൽകി തെരുവിൽ തന്നെ സംരക്ഷിക്കണമെന്നാണ് ഷൈമയുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here