വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഒരു ഹോം ഗാര്‍ഡിൻ്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കോഴിക്കോട് കുന്ദമംഗലം മർക്കസ് ബസ് സ്‌റ്റോപ്പിന് മുൻപിലായിരുന്നു വേറിട്ട ഒരു പ്രതിഷേധം നടന്നത്.
കോഴിക്കോട്: വിദ്യാർഥികളെ കയറ്റാതെ പാഞ്ഞ് പോകുന്ന സ്വകാര്യ ബസുകൾ നാട്ടിൽ പതിവാണ്. ചില ഡ്രൈവർമാർക്ക് പലപ്പോഴും സ്‌കൂൾ കുട്ടികളെ ബസില്‍ കയറ്റാൻ വല്ലാത്ത മടിയാണ്. യഥാര്‍ഥത്തില്‍, വിദ്യാര്‍ഥികളുടെ അവകാശങ്ങളാണ് ഇത്തരത്തില്‍ ലംഘിക്കപ്പെടുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതും അതിന് ആവശ്യമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതും അധികാരികളുടെയും സമൂഹത്തിൻ്റെയും കൂടി കടമയാണ്.
എന്നാല്‍, സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ മരണയോട്ടം നടത്തുന്നത് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ വിദ്യാര്‍ഥി യൂണിയനുകളും മറ്റും പ്രതിഷേധിക്കാറുമുണ്ട്. ഇപ്പോള്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഒരു ഹോം ഗാര്‍ഡിൻ്റെ ഒറ്റയാള്‍ പോരാട്ടമാണ് ശ്രദ്ധ നേടുന്നത്. കോഴിക്കോട് കുന്ദമംഗലം മർക്കസ് ബസ് സ്‌റ്റോപ്പിന് മുൻപിലായിരുന്നു വേറിട്ട ഒരു പ്രതിഷേധം നടന്നത്.
വിദ്യാർഥികളെ കയറ്റാതെ പോകാനൊരുങ്ങിയ സ്വകാര്യ ബസിൻ്റെ മുമ്പിൽ കിടന്നാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് പ്രതിഷേധിച്ചത്. കോഴിക്കോട്-കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന നിയ എന്ന ബസിന് മുന്നിലാണ് ഹോം ഗാർഡിൻ്റെ പ്രതിഷേധം.
പെരുവയൽ സ്വദേശിയായ ഹോം ഗാർഡ് നാഗരാജാണ് വിദ്യാർഥികൾക്ക് വേണ്ടി ബസിനു മുമ്പിൽ കിടന്ന് പ്രതിഷേധിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. തൻ്റെ നെഞ്ചിലൂടെയല്ലാതെ കുട്ടികളെ കയറ്റാതെ പോകാനാവില്ലെന്ന് പറയുന്ന ഹോം ഗാർഡിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചർച്ച.
ഏറെക്കാലമായി ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചത് കോഴിക്കോട് ട്രാഫിക് പൊലീസിന് കീഴിലുള്ള ഹോം ഗാർഡുമാരെയാണ്. എന്നാൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഭാഗത്തെ ബസ് സ്‌റ്റോപ്പിൽ സ്വകാര്യ ബസുകൾ നിർത്തി കുട്ടികളെ കയറ്റുന്ന പതിവില്ല.
ഹോം ഗാർഡുമാർ വിസിൽ അടിച്ചാലോ കൈ കാണിച്ചാലോ അതൊന്നും പരിഗണിക്കാതെയാണ് സ്വകാര്യ ബസുകൾ ഇതുവഴി പോകാറുള്ളത്. നിരവധി തവണ ഇങ്ങനെ നിർത്താതെ പോകുന്ന ബസുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ പൊലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടും വിദ്യാർഥികൾക്ക് ബസിൽ കയറുക വലിയ പ്രതിസന്ധിയായിരുന്നു.
അതിനിടയിലാണ് ഇന്ന് നിരവധി വിദ്യാർഥികൾ കൈ കാണിച്ചിട്ടും സ്വകാര്യബസ് നിർത്താൻ മടിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചത്. ഇതിനിടയിൽ ഹോം ഗാർഡ് നാഗരാജും കൈ കാണിച്ചിട്ടും നിർത്തിയില്ല. പിന്നെ ഒട്ടും സമയം കളഞ്ഞില്ല, ഹോം ഗാർഡ് ബസിന് മുന്നിൽ കിടന്നു. ഇതോടെ നിർവാഹമില്ലാതെ ബസ് നിർത്തി കുട്ടികളെ കയറ്റി. ഹോം ഗാർഡിൻ്റെ വ്യത്യസ്‌തമായ പ്രതിഷേധം കണ്ടതോടെ പരിസരത്തുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും കൈയ്യടിച്ച് സ്വീകരിച്ചു.
പ്രതിഷേധത്തിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നാട് അറിയുന്നത്. വീഡിയോ വൈറൽ ആയതോടെ കയ്യടികളോടെയാണ് വിദ്യാർഥികൾ ഹോം ഗാർഡിൻ്റെ പ്രതിഷേധത്തെ സ്വീകരിച്ചത്. അതേസമയം വിദ്യാർഥികൾക്ക് വേണ്ടി ഇങ്ങനെയൊരു പ്രതിഷേധം നടത്തിയ ഹോം ഗാർഡ് നാഗരാജനെതിരെ എന്തെങ്കിലും ശിക്ഷ നടപടികൾ ഉണ്ടാകുമോ എന്ന് കാത്തിരുന്ന കാണണം.








