വിശക്കുന്നവന്‍റെ ഉള്ളറിഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍

0
39

തെരുവുകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരുടെ ദുരവസ്ഥ കണ്ട് വികാരഭരിതനായ അവരുടെ വിശപ്പകറ്റായി സംസ്ഥാന വൈദ്യുതി വകുപ്പിലെ ഒരു ജീവനക്കാരന്‍ സ്വയം ഇറങ്ങിത്തിരിക്കുകയാണ്.

നിസാമാബാദ്: കീറിപ്പറഞ്ഞ വസ്‌ത്രങ്ങളും ജഡപിടിച്ച മുടിയുമൊക്കെയായി തെരുവുകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു നടക്കുന്ന ഒട്ടേറെ പേരെ നാം ദിവസേന കാണുന്നുണ്ടാകും. കയറിക്കിടക്കാന്‍ ഒരു കൂര പോലും ഇല്ലാതെ തണുത്ത് വിറച്ച് അവര്‍ ആരെങ്കിലും തങ്ങളുടെ മുന്നിലേക്ക് സഹായഹസ്‌തവുമായി എത്തുന്നുണ്ടോയെന്ന് എന്നായിരിക്കും നോക്കുന്നത്. എന്നാല്‍ നമ്മളൊക്കെ ദിവസേന ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെ എത്ര ഭക്ഷണമാണ് പാഴാക്കി കളയുന്നത്. അതിന്‍റെ ഒരംശമെങ്കിലും ഈ ദരിദ്രര്‍ക്കും വിശന്നിരിക്കുന്നവര്‍ക്കും എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരിക്കും.

തെരുവുകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരുടെ ദുരവസ്ഥ കണ്ട് വികാരഭരിതനായ അവരുടെ വിശപ്പകറ്റായി സംസ്ഥാന വൈദ്യുതി വകുപ്പിലെ ഒരു ജീവനക്കാരന്‍ സ്വയം ഇറങ്ങിത്തിരിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ശ്രമം ഏറ്റെടുക്കുയായിരുന്നു അയാള്‍. ദരിദ്രര്‍ക്ക് സൗജന്യ ദൈനംദിന ഭക്ഷണം ഉറപ്പാക്കുന്ന ഒരു ഫുഡ് ബാങ്കിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. ആരേയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഈ സംരംഭം ആരംഭിച്ചത് നമ്മുടെ നിസാമാബാദിലാണ്.

വൈദ്യുതി വകുപ്പിലെ ഗ്രേഡ്-2 ജീവനക്കാരനായ നിസാമാബാദിൽ നിന്നുള്ള നവീൻ ചാന്തിയാണ് പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. 2016 ഫെബ്രുവരിയി 14 ന് ആണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും അന്ന് ഞായറാഴ്‌ചകളില്‍ മാത്രമായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. എന്നാല്‍ ഇന്ന് എല്ലാദിവസവുമായി അത് മാറി.

ആദ്യവര്‍ഷങ്ങളിലൊക്കെ ഞായറാഴ്‌ചകളിലാണ് ഭക്ഷണം നല്‍കിയിരുന്നത്. രണ്ടാം വര്‍ഷമായപ്പോഴേക്കും ഇത് ദിവസേനയായി മാറി. ഇപ്പോൾ ചോറ്, കറി, സാമ്പാർ, പഴം, മധുരപലഹാരം എന്നിവ ഉൾപ്പെടുന്ന മെനു ആഴ്ചയിലെ എല്ലാ ദിവസവും ശ്രദ്ധയോടെയും സ്ഥിരതയോടെയുമാണ് നല്‍കുന്നത്. ഇപ്പോള്‍ ഇത് ദരിദ്രരെ സ്നേഹിക്കുന്നതിനുള്ള പ്രസ്‌ഥാനമായി മാറിയിരിക്കുകയാണ്. നേരത്തെ ഏകദേശം 100 ഓളം പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. മറ്റുള്ളവരേയും ഇതില്‍ പങ്കുച്ചേരാന്‍ പ്രേരിപ്പിക്കുകയാണ്. ഈ ഫുഡ് ബാങ്കില്‍ ഇപ്പോള്‍ ഏകദേശം 150 വളണ്ടിയര്‍മാര്‍ പങ്കാളികളായിട്ടുണ്ട്. ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട് ഈ ഫുഡ് ബാങ്ക്.

 

കോവിഡ്-19 മഹാമാരിയുടെ സമയത്ത് നിർമ്മലിൽ നിന്ന് മേഡ്ചൽ വരെയുള്ള ദേശീയ പാതയിലൂടെ നടന്നുപോകുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും ബിസ്‌ക്കറ്റും ലഘുഭക്ഷണവും നൽകിയതിലൂടെയാണ് നിസാമാബാദ് ഫുഡ് ബാങ്ക് ശ്രദ്ധ നേടിയത്. അവരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ നേടിയിട്ടുണ്ട്.

ഒരു ‘റൈസ് ബാഗ് ചലഞ്ച്’

ഈ സംരംഭത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് പണമായി സംഭാവനകൾ സ്വീകരിക്കുന്നില്ല എന്നതാണ്. പകരം, എല്ലാ ഫെബ്രുവരിയിലും വാർഷിക ‘റൈസ് ബാഗ് ചലഞ്ച്’ സംഘടിപ്പിക്കാറുണ്ട്. അവിടെ വർഷം മുഴുവനും അരി, പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ എന്നിവ ദാതാക്കൾ സംഭാവന ചെയ്യുന്നു. എല്ലാ ദസറയിലും, ഭക്ഷ്യ ബാങ്ക് 300 നിർദ്ധനർക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്യുന്നു. ഇത് ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കാൻ അവരെ പ്രാപ്‌തരാക്കുന്നു.

നിസാമാബാദ് ഫുഡ് ബാങ്ക് ഒരു സേവനം എന്നതിലുപരി, ദരിദ്രരെ പരിപാലിക്കാൻ തിരഞ്ഞെടുക്കുന്ന സാധാരണക്കാർക്കിടയിൽ മനുഷ്യത്വം എപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

എന്താണ് ഫുഡ് ബാങ്ക്

ഭക്ഷണം  പാഴാക്കുന്നത് കുറയ്ക്കാനും ദരിദ്രരുടെ വിശപ്പകറ്റാനും ലക്ഷ്യമിട്ട് ചെയ്യുന്ന പദ്ധതിയാണ് ഫുഡ് ബാങ്ക്. വിവിധ പൊതുപരിപാടികളിലും വീടുകളിലുമൊക്കെ അധികം വരുന്ന ഭക്ഷണ-പാനീയങ്ങളുടെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി ശേഖരിച്ചും അർഹരായവർക്ക് എത്തിക്കുന്നു.

ഹോട്ടലുകൾ, കൃഷിയിടങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യോൽപന്ന ഫാക്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന വൻ ശൃംഖലയാണ് ഫുഡ്ബാങ്ക്. പാകം ചെയ്‌ത ഭക്ഷണത്തിനു പുറമെ ഭക്ഷ്യോൽപന്നങ്ങളും ശേഖരിച്ച് വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here