മേഘവിസ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ഉത്തരകാശി

0
34

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയവും മണ്ണിടിച്ചിലുമാണ് വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായത്. നിരവധി പേരെ കാണാതായതായി.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ നാശനഷ്‌ടം. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 130ലധികം പേരെ രക്ഷിച്ചാതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലും സുഖി ടോപ്പിലുമാണ് ഇന്നലെ (ഓഗസ്‌റ്റ് 5) മിന്നൽ മേഘവിസ്‌ഫോടനമുണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായി. നിമിഷങ്ങള്‍ക്കകം നിരവധി വീടുകളും കെട്ടിടങ്ങളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈനിക സംഘങ്ങളെയും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങളും മറ്റും പുരോഗമിക്കുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സർക്കാർ പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ ദുരന്തത്തിൽ ദുഃഖമുണെന്നും ഇരകളുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു. കേന്ദ്രം പൂർണ പിന്തുണ ഉറപ്പ് നൽകുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

രക്ഷാപ്രവർത്തകർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി എംപി അജയ് ഭട്ട് പറഞ്ഞു. രാത്രിയിലും ആളുകളെ രക്ഷിക്കാൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർസാവയിൽ രണ്ട് ഹെലികോപ്റ്ററുകളും മറ്റും സജ്ജമാണ്. മെഡിക്കൽ, ഭക്ഷണ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐടിബിപിയുടെ മൂന്ന് ടീമുകളെയും എന്‍ഡിആര്‍എഫിന്‍റെ നാല് ടീമുകളെയും സംഭവസ്ഥലത്തേക്ക് അയച്ചതായി അമിത് ഷാ എക്‌സിൽ കുറിച്ചു

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

ദുരന്തമുണ്ടായതിന് പിന്നാലെ ആന്ധ്രാപ്രദേശിൽ നിന്ന് മടങ്ങിയെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്. സ്‌റ്റേറ്റ് ഓപ്പറേഷൻ സെൻ്ററിലെത്തി പൊലീസുകാരുമായും മറ്റ് മുതിർന്ന ഉദ്യോസ്ഥരുമായും സംസാരിച്ചു.

ദുരന്തം നേരിടുന്ന ജനങ്ങൾക്ക് ഒപ്പം സർക്കാരുണ്ട്. അവർക്കാവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകും’ എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന. അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി ലൈനുകൾ, ഇൻ്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവ തകരാറിലായിരിക്കുകയാണ്. ഇന്ന് രാത്രിയോടെ ഇതും പരിഹരിക്കും എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. മണ്ണും കെട്ടിടാവശിഷ്‌ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. എന്നിരുന്നാലും രക്ഷാപ്രവർത്തനം ശക്തമാണെന്നും ഹെലികോപ്‌റ്ററും മറ്റും തായാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐബെക്‌സ് ബ്രിഗേഡിൽ നിന്നുള്ള സൈനികർ ഉടൻ സ്ഥലത്തെത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ സൈന്യത്തിൻ്റെ സൂര്യ കമാൻഡ് അറിയിച്ചു. തെർമൽ ഇമേജിങ് ഉപകരണങ്ങൾ, ആർ‌ആർ സോകൾ, ചിപ്പിങ് ഹാമറുകൾ, ഡ്രോണുകൾ, പെലിക്കൻ, ഡ്രാഗൺ ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള നൂതന ഉപകരണങ്ങളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും എസ്‌ഡി‌ആർ‌എഫ് ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ മുന്നറിയിപ്പുകള്‍

അപകടസാധ്യത കണക്കിലെടുത്ത് നദീതീരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് നിര്‍ദേശിച്ചു. കുടുംബാംഗങ്ങളെയും കുട്ടികളെയും കന്നുകാലികളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here