മലപ്പുറം: വേധനം വർധിപ്പിക്കാത്തതിനെതിരെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പണി മുടക്കുന്ന ജൂനിയർ നഴ്സുമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. സമരം പിൻവലിച്ചില്ലെങ്കിൽ നഴ്സിംഗ് കൗൺസിലിലെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഇവർ പഠിച്ച കോളജ് പ്രിൻസിപ്പൽമാർ ഭീഷണിപ്പെടുത്തുന്നതായി നഴ്സുമാർ പറഞ്ഞു.
എന്നാൽ, ഭീഷണിപ്പെടുത്തിയതല്ല സാഹചര്യം പരിഗണിച്ച് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
375 ജൂനിയർ നഴ്സുമാരാണ് സമരരംഗത്തുള്ളത്. ശമ്പളവർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ജൂനിയർ നഴ്സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.