വിയറ്റ്നാമീസ് ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്കും: ആദ്യ ഷോറൂം ഗുജറാത്തിൽ

0
103

ഹൈദരാബാദ്: വിയറ്റ്നാം ഇലക്ട്രിക് കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറന്നു. ഗുജറാത്തിലെ സൂറത്തിലാണ് ആദ്യ ഷോറൂം തുറന്നത്. വിൻഫാസ്റ്റിന്‍റെ ഇന്ത്യൻ ഡിവിഷനായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയുടെ പുറത്തിറങ്ങാൻ പോകുന്ന ഇലക്ട്രിക് എസ്‌യുവികളായ വിൻഫാസ്റ്റ് വിഎഫ്7 (VinFast VF7), വിൻഫാസ്റ്റ് വിഎഫ് 6 (VinFast VF6) എന്നിവ ഷോറൂമിൽ പ്രദർശിപ്പിക്കും.

ഈ രണ്ട്‌ ഇലക്ട്രിക് കാറുകളുടെയും പ്രീ-ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ഓൺലൈനായും, ഓഫ്‌ലൈനായും ബുക്കിങ് ചെയ്യാനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. 21,000 രൂപ മുൻകൂർ തുക ഈ കാറുകൾ ബുക്ക് ചെയ്യാനാവും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ആരംഭിക്കാനിരിക്കുന്ന വിൻഫാസ്റ്റ് ഫാക്‌ടറിയിൽ വച്ചാകും വാഹനങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൂർണ രൂപത്തിലാക്കുന്നത്.

ഇത് ഇന്ത്യയെ തന്ത്രപരമായ വിപണിയായും ഭാവിയിലെ ഇലക്ട്രിക് വാഹന ഉൽപ്പാദന കേന്ദ്രമായും നിലനിർത്തുന്നതിനുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയിലേക്കാണ് വിരൽചൂണ്ടുന്നത്. 2025 അവസാനത്തോടെ രാജ്യത്തെ 27-ലധികം നഗരങ്ങളിലായി 35 ഡീലർഷിപ്പുകൾ തുറക്കാൻ വിൻഫാസ്റ്റ് പദ്ധതിയിടുന്നു.

സൂറത്തിലെ പിപ്ലോഡ് ഭാഗത്താണ് കമ്പനി ആദ്യ ഷോറൂം ആരംഭിച്ചത്. വരാനിരിക്കുന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ VF 6, VF 7 എന്നിവ ഷോറൂമിൽ പ്രദർശിപ്പിക്കും. ഷോറൂമിൽ നേരിട്ടെത്തിയോ VinFastAuto.in വഴി ഓൺലൈനായോ പ്രീ-ബുക്കിങ് ചെയ്യാനാവും. 21,000 രൂപയാണ് പ്രീ-ബുക്കിങ് തുക. ഇത് പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്.

വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചൗ പറയുന്നതിങ്ങനെ;

 

രാജ്യത്തുടനീളം ചാർജിങ്, വിൽപ്പനാനന്തര സേവനങ്ങൾ തുടങ്ങിയവ നൽകുന്നതിനായി റോഡ്ഗ്രിഡ്, മൈടിവിഎസ്, ഗ്ലോബൽ അഷ്വർ തുടങ്ങിയ കമ്പനികളുമായി ഫിൻഫാസ്റ്റ് പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്. ബാറ്ററി പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വൃത്താകൃതിയിലുള്ള ബാറ്ററി മൂല്യ ശൃംഖല സ്ഥാപിക്കുന്നതിനുമായി കമ്പനി ബാറ്റ്എക്‌സ് എനർജീസുമായി സഹകരിക്കുന്നുണ്ട്.

വരാനിരിക്കുന്ന വിൻഫാസ്റ്റ് വിഎഫ്7 കമ്പനിയുടെ ഇന്ത്യയിലെ ഫ്ലാഗ്‌ഷിപ്പ് മോഡലായിരിക്കുമെന്നാണ് വിവരം. ആദ്യം ലോഞ്ച് ചെയ്യുന്നത് ഇതായിരിക്കുമെന്നും സൂചനയുണ്ട്. ഈ രണ്ട് ഇലക്‌ട്രിക് കാറുകളെയും കുറിച്ച് കൂടുതലറിയാം.

വിൻഫാസ്റ്റ് VF7: വിശദാംശങ്ങൾ
വിൻഫാസ്റ്റ് വിഎഫ്7ന്‍റെ നീളം 4,545 മില്ലീമീറ്ററായി നിലനിർത്തിയിട്ടുണ്ട്. ഒരു ക്രോസ്ഓവർ പോലെയാണ് ഇതിന്‍റെ ബോഡി സ്റ്റൈൽ. ഫുള്ളി ലോഡഡ് പ്ലസ് ട്രിം ലെവലിൽ മാത്രമേ ഇത് വാഗ്‌ദാനം ചെയ്യുന്നുള്ളൂ. കമ്പനിയുടെ സിഗ്നേച്ചർ ‘V ഫേസ്’ ഡിആർഎല്ലുകൾ ഇതിൽ ഉപയോഗിക്കും. ഫീച്ചറിലേക്ക് പോകുമ്പോൾ LED ഹെഡ്‌ലൈറ്റുകൾ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്‍റിലേറ്റഡ് സീറ്റുകൾ, റീക്ലിങ്ങബിൾ പിൻ സീറ്റുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ, കമ്പനി ഈ കാറിൽ റഡാർ അധിഷ്‌ഠിത ലെവൽ 2 ADAS സ്യൂട്ടും സജ്ജീകരിക്കും. നിരവധി സുരക്ഷാ സവിശേഷതകളോടെയായിരിക്കും വിൻഫാസ്റ്റ് വിഎഫ്7 പുറത്തിറക്കുക. 7 എയർബാഗുകളാണ് സുരക്ഷയ്‌ക്കായി ഇതിൽ നൽകുക. 19 ഇഞ്ച് അലോയ് വീലുകളും 190 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 537 ലിറ്റർ ബൂട്ട് സ്പേസും ഇതിന് ഉണ്ടായിരിക്കും.

70.8 കിലോവാട്ടിന്‍റെ LFP ബാറ്ററി പായ്ക്കാണ് വിൻഫാസ്റ്റ് VF7ൽ ഉള്ളത്. ഇത് 7.2 കിലോവാട്ട് AC, DC (CCS2) ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കും. FWD, AWD എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഈ കാർ പുറത്തിറക്കുക. FWD വേരിയന്‍റിന് 201 ബിഎച്ച്‌പി പവറും 310 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

അതേസമയം AWD വേരിയന്‍റിന് 345 ബിഎച്ച്‌പി പവറും 500 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന്‍റെ ചാർജിങ് സമയമോ ARAI/MIDC റേഞ്ചോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അതിന്‍റെ FWD വേരിയന്‍റിന് 450 കിലോമീറ്റർ വരെ റേഞ്ചും, AWD വേരിയന്‍റിന് WLTP സൈക്കിളിൽ 431 കിലോമീറ്റർ വരെ റേഞ്ചും നൽകാൻ കഴിയും. നെപ്റ്റ്യൂൺ ഗ്രേ, ബ്രാഹ്മണി വൈറ്റ്, ക്രിംസൺ റെഡ്, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഈ കാർ ലഭ്യമാവുക.

വിൻഫാസ്റ്റ് VF6: വിശദാംശങ്ങൾ
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ വിൻഫാസ്റ്റ് വിഎഫ്7 ന് താഴെ സ്ഥാനം പിടിച്ചിരിക്കുന്ന വിൻഫാസ്റ്റ് വിഎഫ്6ന് 4,238 എംഎം നീളമുണ്ട്. കോംപറ്റീറ്റിവ് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലാണ് ഇത് സ്ഥാനം പിടിക്കുക. ഇന്ത്യയിൽ വിഎഫ്6ന്‍റെ ഒരു പ്ലസ് വേരിയന്‍റ് മാത്രമേ പുറത്തിറക്കൂ. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഗ്ലാസ് റൂഫ്, എഡിഎഎസ് സ്യൂട്ട് എന്നിങ്ങനെ വിഎഫ്7ന്‍റെ മിക്ക ഫീച്ചറുകളും ഈ കാറിലും ലഭിക്കും. 423 ലിറ്റർ ബൂട്ട് സ്‌പെയ്‌സും 18 ഇഞ്ച് അലോയ് വീലുകളും ഇതിൽ ലഭിക്കും. വിഎഫ്7 നെക്കാൾ ചെറുതായിരിക്കും ഇത്. എന്നിരുന്നാലും, വിഎഫ്7 പോലെ തന്നെ വിഎഫ്6നും ഇന്ത്യൻ വിപണിയിൽ 190 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കും.

VF6 FWD വേരിയന്‍റിൽ മാത്രമേ ലഭ്യമാവൂ. 201 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്. 59.6 കിലോവാട്ട് ബാറ്ററിയാണ് ഈ കാറിൽ ഉപയോഗിക്കുന്നത്. AC, DC ചാർജിങിനെ പിന്തുണയ്‌ക്കുന്നതാണ് ഈ ഇലക്‌ട്രിക് കാർ. VF6ന്‍റെ റേഞ്ചും എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും WLTP സൈക്കിളിൽ ഇതിന് 480 കിലോമീറ്റർ റേഞ്ച് നൽകാനാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here