പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിക്കാന്‍ സര്‍ക്കാരും. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ താല്‍ക്കാലിക നിയമനം നടത്തണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കി. വാച്ച്മാന്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമനത്തിനും ബാക്കിയുള്ളവ സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വാച്ച്മാന്‍ തസ്തികയിലേക്ക് നിയമനം നടത്താതിരിക്കാന്‍ ആദ്യം ചെയ്തത് നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് 24 മണിക്കൂര്‍ ഡ്യൂട്ടിയും പിന്നെ ഓഫും എന്നാക്കി മാറ്റി. ഇതോടെ സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. 24 മണിക്കൂര്‍ ഡ്യൂട്ടി പറ്റില്ലെന്നും കൂടുതല്‍ നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു
ഇതോടെയാണ് സര്‍ക്കാര്‍ ഉത്തരവുമായി രംഗത്തെത്തിയത്. പ്രദേശികമായി ആളുകളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നികത്തണമെന്നും ബാക്കി വരുന്ന ഒഴിവുകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കണമെന്നുമുളള വിചിത്ര ഉത്തരവാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ നിന്നു നടത്തേണ്ട 109 തസ്തികകളാണ് ഇതോടെ ഇല്ലാതായത്. സര്‍ക്കാരിലും പി.എസ്.സിയ്ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഇനി ഇതിനും കോടതി കയറാന്‍ ഒരുങ്ങുകയാണ്. പതിനാല് ജില്ലകളിലായി നാല്‍പ്പത്തയ്യായിരം പേരാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളത്.