ഇതൊരു അസാധാരണ സംഭവമാണ്. പക്ഷെ നടന്നതാണ്. ഓണ്‍ലൈനില്‍ വാങ്ങിയ ഒരു പഴയ വമ്പന്‍ ധാന്യ കലവറയെ ആരും കൊതിക്കുന്ന വീടാക്കി മാറ്റിയ കഥ. ഡെര്‍ബിഷെയറില്‍ സ്ഥിരതാമസമാക്കിയ ദമ്പതികളായ ബോബ് കാംബെല്ലും, കരോള്‍ ആനും ആണ് ഈ കഥയിലെ താരങ്ങള്‍.
ഒരു രാത്രി മദ്യലഹരിയില്‍ ആയിരുന്നു ബോബി പറ്റിയ ഒരു കൈബദ്ധമാണ് ഇന്ന് അവരുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നത്. ഇബേയില്‍ ഒരു പഴയ ഒരു വമ്പന്‍ ധാന്യ കലവറ വെറും 1 യൂറോയ്ക്ക് (ഏകദേശം 115 രൂപ) ലേലം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട ബോബ് കൂടുതല്‍ ഒന്നും ആലോചിച്ചില്ല. തങ്ങള്‍ക്ക് അത് ആവശ്യമുണ്ടോ എന്നുകൂടി ചിന്തിച്ചില്ല. അതങ്ങ് വാങ്ങി. ഇന്ന് ഈ ധാന്യ കലവറ അവരുടെ സ്വപ്ന ഭവനമാണ്.
ഒരു വീടിനായി ഇന്ന് ആളുകള്‍ കോടികള്‍ പൊടിക്കുമ്പോഴാണ് ഈ ദമ്പതികള്‍ വെറും 4,000 പൗണ്ടിന് (4.6 ലക്ഷം രൂപ) ഈ പഴയ ധാന്യ കലവറയെ ആരും കൊതിക്കുന്ന സ്വപ്ന ഭവനമായി മാറ്റിയിരിക്കുന്നത്. ആറ് വര്‍ഷത്തിലേറെയായി ഇവര്‍ ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഒരു ബെഡ്റൂം, കുളിമുറി, അടുക്കള അങ്ങനെ ആവശ്യമായ എല്ലാം വീട്ടിലുണ്ട്. വീട് ഒരുക്കിയിരിക്കുന്ന അതുല്യമായ ഡിസൈന്‍ ആണ് എടുത്തു പറയേണ്ടത്.
കലവറയുടെ ഉള്‍ഭാഗം സര്‍ഗ്ഗാത്മകതയും, സമര്‍ത്ഥമായ രൂപകല്‍പ്പനയും കൊണ്ട് നിറച്ചിരിക്കുന്നു. ഒരു പഴയ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഡൈനിംഗ് ടേബിള്‍ ഒരു സോ ബ്ലേഡ് ഉപയോഗിച്ച് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്നു. ചുവരുകള്‍ പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്തിരിക്കുന്നു. തടി പാലറ്റുകള് ഇഷ്ടികകളായി ഉപയോഗിച്ചു. അടുക്കളയില്‍ ഒരു ഹോബ്, ഓവന്, കെറ്റില്‍, സിങ്ക് എന്നിവ ഉണ്ട്. ഒന്നിനും ഒരു കുറവില്ല.
വമ്പന്‍ കലവറയെ പാര്ട്ടീഷന് ചെയ്ത് രണ്ടുനില ആക്കാനും അവര്‍ മറന്നില്ല.
കിടപ്പുമുറി മുകളിലത്തെ നിലയിലാണ്. ആവശ്യമില്ലാത്തപ്പോള്‍ മടക്കിവെക്കുന്ന ഒരു ഗോവണി വഴി മുകളിലെ നിലയില്‍ എത്താം. ഇവിടെ തന്നെ ബാത്റൂം സജ്ജീകരിച്ചു.
സൈലോയ്ക്ക് പുറത്തും ബോബിന്റെയും കരോളിന്റെയും മാന്ത്രിക കരങ്ങള്‍ പ്രവര്‍ത്തിച്ചു. ചുറ്റുംപാടും ഭംഗിയാക്കി. കൂടാതെ ഒരു കുളവും സജ്ജീകരിച്ചു. സ്വന്തമാക്കിയ കലവറ കൊണ്ട് ഒരു ആര്‍ട്ട് ഇന്സ്റ്റാളേഷന് നിര്‍മ്മിക്കുക എന്നതായിരുന്നു അവരുടെ യഥാര്‍ത്ഥ പദ്ധതി. എന്നാല്‍ ആ ചെറിയ വീട് പതുക്കെ അവരുടെ സ്ഥിരം ഭവനമായി മാറുകയായിരുന്നു. നാല് മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയും മാത്രമുള്ള ഒരു കുഞ്ഞന്‍ വീട്.