കൊച്ചി നഗരമേഖലകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ചാർട്ടർ ചെയ്യാനുള്ള സൗകര്യമൊരുക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കൊച്ചി മെടോയുടെ മെട്രോ കണക്ട് ഫീഡറുകളായ ഇലക്ട്രിക് എസി ബസുകളാണ് ദിവസ, മാസ വാടകയ്ക്ക് കെഎംആർഎൽ നൽകുക. ഇതിന് വേണ്ടിയുള്ള ബുക്കിങ് കെഎംആർഎൽ ആരംഭിച്ചു. ആദ്യ ചാർട്ടർ സർവീസ് ചൊവ്വാഴ്ച മുതൽ കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിച്ചു. സ്വകാര്യ ആശുപത്രിയാണ് ജീവനക്കാർക്കും രോഗികൾക്കുമായി ബസ് സൗകര്യം ഒരുക്കിയത്.
കമ്പനികളിലെ ജീവനക്കാർ, വിവിധ സംഘങ്ങൾ, നഗരത്തിൽ വിനോദസഞ്ചാരത്തിന് എത്തുന്ന കുടുംബങ്ങൾ എന്നിവർക്ക് ചാർട്ടർ ബസ് സർവീസ് സൗകര്യപ്രദമാകും. കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിൽനിന്ന് അനുവദനീയമായ ദൂരത്തിൽ ചാർട്ടർ ചെയ്ത ബസുകൾ ഉപയോഗിച്ചു സർവീസ് നടത്താം. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബസുകൾ ബുക്ക് ചെയ്യാം. ഇതിനായി കെഎംആർഎല്ലിൻ്റെ ഓഫീസിൽ അപേക്ഷ നൽകുക മാത്രമാണ് ചെയ്യേണ്ടത്.
ഏതെങ്കിലും മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നോ മുട്ടം ഇലക്ട്രിക് ബസ് ഡിപ്പോയിൽ നിന്നോ 60 കിലോമീറ്റർ ദൂരം വരെ വൺവേ സർവീസ് നടത്താം. ഒരു ദിവസം പരമാവധി എട്ടുമണിക്കൂർ ആണ് അനുവദനീയമായ സമയം. ഒരു ദിവസം 24,000 രൂപയാണ് നിരക്ക്. 120 കിലോമീറ്റർ പിന്നിടുന്ന പക്ഷം ഓരോ കിലോമീറ്ററിനും 100 രൂപ വീതം ഈടാക്കാം. ഒരു മാസത്തിൽ കൂടുതൽ ബസുകൾ ആവശ്യമുള്ളവർക്ക് 10 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് കെഎംആർഎൽ അറിയിച്ചു.
കൊച്ചി മെട്രോയുടെ ഫീഡർ സർവീസുകളെ ബാധിക്കാത്ത വിധത്തിലാണ് ചാർട്ടർ സർവീസുകൾ കെഎംആർഎൽ ഒരുക്കിയിരിക്കുന്നത്. ഹൈക്കോർട്ട് – എംജി റോഡ് സർക്കുലർ സർവീസ് അടക്കം വിവിധ ഫീഡർ സർവീസുകളാണ് എസി ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചു കെഎംആർഎൽ നടത്തിവരുന്നത്. ആലുവ – സിയാൽ എയർപോർട്ട്, കളമശേരി – മെഡിക്കൽ കോളെജ്, കളമശേരി – കുസാറ്റ്, കളമശേരി – ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ – ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ – സിവിൽ സ്റ്റേഷൻ എന്നീ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. പുതിയതായി വാങ്ങിയ ഐഷർ കമ്പനിയുടെ 32 സീറ്റ് ബസുകളാണ് ഫീഡർ സർവീസിനായി ഉപയോഗിക്കുന്നത്.