മലപ്പുറം കൂരിയാട് ദേശീയപാത 66ൻ്റെ ഒരു ഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണ് അപകടം. ആറുവരിപ്പാതയുടെ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സർവീസ് റോഡിലൂടെ പോകുകയായിരുന്ന മൂന്ന് വാഹനങ്ങൾക്ക് മുകളിലേക്ക് കോൺക്രീറ്റ് കട്ടകൾ പതിച്ചു. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്ന് കൊളപ്പുറത്തിനും കക്കാടിനും ഇടയിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:45 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ആറുവരിപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ ദേശീയപാതയുടെ മതിലും നിലംപൊത്തി. അപകടത്തെ തുടർന്ന് സർവീസ് റോഡിലും സമീപത്തുള്ള വയലിലും വിള്ളൽ രൂപപ്പെട്ടു. പോലീസും സന്നദ്ധ പ്രവർത്തകരും ഉടൻതന്നെ സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
ദേശീയപാത ഇടിഞ്ഞ് താഴെ സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നുവെന്ന് സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന വാഹനയാത്രികൻ പറഞ്ഞു. വാഹനങ്ങൾക്ക് മുകളിലേക്ക് കല്ലും മണ്ണും പതിക്കുന്നത് കണ്ടു തങ്ങൾ വാഹനം നിർത്തി പുറത്തിറങ്ങിയെന്ന് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുൻ വർഷം സർവീസ് റോഡിൽ വെള്ളം കയറിയിരുന്നുവെന്നും ഇതേ തുടർന്ന് പ്രതിഷേധമുയർന്നിരുന്നുവെന്നും മറ്റൊരാൾ പറഞ്ഞു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണം. ഭാഗ്യത്തിന് കുറച്ചു വാഹനങ്ങൾ മാത്രമാണ് സർവീസ് റോഡിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് വാഹനങ്ങൾ വികെ പടിയിൽനിന്ന് മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.