പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താവളത്തിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും അദ്ദേഹം ജവാന്മാരുമായി സംവദിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് മറുപടിയായി മെയ് 9-10 രാത്രിയിൽ പാകിസ്ഥാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാല് പ്രധാന ഇന്ത്യൻ വ്യോമസേനാ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ആദംപൂർ. രാത്രിയിൽ നടത്തിയ പ്രത്യാക്രമണത്തിൽ ആദംപൂർ വ്യോമതാവളത്തിൽ നാശനഷ്ടങ്ങൾ വരുത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദത്തിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ ആദംപൂർ വ്യോമതാവള സന്ദർശനത്തിന് പ്രാധാന്യമുണ്ട്.എക്‌സിലെ ഒരു പോസ്റ്റിൽ, പ്രധാനമന്ത്രി ജവാൻമാരുമൊത്തുള്ള കുറച്ച് ഫോട്ടോകൾ പങ്കുവെക്കുകയും അതിനെ “വളരെ പ്രത്യേക അനുഭവം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
“ഇന്ന് രാവിലെ ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഫെെറ്റർ പൈലറ്റുമാരെയും, പ്രവർത്തനങ്ങൾ നടത്തിയ സാങ്കേതിക സഹായ ജീവനക്കാരെയും കണ്ടു. വ്യോമസേനാ യോദ്ധാക്കളെ കാണാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ 7 മണിക്ക് ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ നിന്ന് ആദംപൂരിലേക്ക് പുറപ്പെട്ടു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വ്യോമസേനാംഗങ്ങൾക്കൊപ്പം ഒരു മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളുടെ താവളമാണ് ആദംപൂർ വ്യോമതാവളം.