പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ. പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ലാഹോറിലെ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് തകർത്തത്. സ്ഥീരികരിച്ച് ഇന്ത്യൻ സേന. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ രാത്രി ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ അടക്കം 15 ഇടങ്ങൾ ആക്രമിക്കാൻ പാകിസ്താൻ നീക്കം നടത്തി. ഇന്ത്യൻ വ്യോമസേനയുടെ എസ്-400 സുദർശൻ ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ആണ് ശ്രമം തകർത്തത്.
ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിടാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഹാർപ്പി ഡ്രോണുകൾ. ശ്രീനഗർ, ജമ്മു, അമൃത്സർ, ജലന്ധർ, ലുധിയാന എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തൻ ശ്രമിച്ചു.ശ്രമം തകർത്തത് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഗുർദാസ്പൂർ ജില്ലാ ഭരണകൂടം ഇന്ന് രാത്രി 9:00 മുതൽ പുലർച്ചെ 5:00 വരെ ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.