സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികൾ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകൽ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.
മെയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന രാപ്പകൽ സമര യാത്ര. ആശാ പ്രവർത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42ാം ദിവസത്തിലേക്കും കടന്നു. എൻ.ശോഭന കുമാരി, ലേഖ സുരേഷ് , പി ലാര്യ എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.ലോകമ്പെടാമും തൊഴിൽ മേഖലകൾ മുമ്പില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന ഈ കാലത്താണ് മെയ് ദിനം ആചരിക്കുന്നത്.1890 മുതലാണ് മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ട് തുടങ്ങിയത്.
അസംഘടിത തൊഴിലാളി മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭമായിരുന്നു അത്. 18ാം നൂറ്റാണ്ടിൽ ഷിക്കാഗോയിൽ തുടങ്ങിയ സമരം ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് ഊർജമായി മാറി. അവകാശങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കിയ കൂട്ടായ്മായിരുന്നു അത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, മിച്ചമുള്ള എട്ട് മണിക്കൂർ പഠനത്തിനും ജോലിക്കും അതായിരുന്നു അമേരിക്കയിലെ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യം.
ക്രൂരമർദ്ദനങ്ങൾക്കും വെടിവെയ്പ്പിനും മുന്നിൽ മുട്ടുമടക്കാത്ത ആ പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടത്. അവകാശവും കർത്തവ്യവും രണ്ടല്ല എന്ന് ഓർമിപ്പിച്ച് വീണ്ടും സാർവദേശീയ തൊഴിലാളി ദിനമെത്തുമ്പോള്‍ ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. ലോകത്ത് പലയിടത്തും തൊഴിലിടങ്ങൾ സമ്മർദ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. കൂട്ടപ്പിരിച്ചുവിടലുകൾ എങ്ങും അന്യമല്ലാതായി മാറി. എങ്ങും അരക്ഷിതാവസ്ഥ. ലാഭനഷ്ട കണക്കുകളിൽ തൊഴിലിടങ്ങൾ ഇഴകീറി പരിശോധിക്കപ്പെടുമ്പോള്‍ ഇന്ത്യയിലുൾപ്പെടെ സർക്കാർ, സ്വകാര്യ മേഖലകൾ പീഡന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
അധികാര കേന്ദ്രങ്ങൾക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് മാധ്യമ ശ്രദ്ധയിൽ നിന്ന് പുറത്താകുന്ന വരെ മാത്രമാണ് ഇന്ന് ആയുസ്. തൊഴിലിടങ്ങളിലെ കണ്ണുനീരുകൾ ഒറ്റപ്പെട്ടതായി മാറുന്നു. ആയുസിന്‍റെ നല്ലൊരു പങ്കും സർക്കാരിന് വേണ്ടി അധ്വാനിച്ചവർ കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്നതും ആശാ സമരമടക്കമുള്ള പോരാട്ടങ്ങളിലൂടെ നമ്മള്‍ കാണുകയാണ്.