കണ്ണീര്‍പ്രണാമവുമായി ലോകം; ആദരമര്‍പ്പിച്ച് ഇന്ത്യ; മാര്‍പാപ്പയുടെ സംസ്‌കാരം ഉച്ചയ്ക്ക്

0
17

വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയെ അവസാനമായി യാത്രയാക്കാന്‍ ലോക നേതാക്കള്‍ വത്തിക്കാനില്‍. ഇന്ന് ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പ്രാരംഭ ശുശ്രൂഷകള്‍ക്കു ശേഷം ഭൗതികദേഹം നാലു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ എത്തിക്കും. ഇവിടെയാണ് പാപ്പയെ കബറടക്കുന്നത്. മാതാവിന്റെ പേരിലുള്ള സെന്റ് മേരി മേജര്‍ ബസിലിക്ക മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിലും വിദേശത്തേക്കുള്ള അപ്പോസ്‌തോലിക യാത്രകള്‍ക്കു മുന്‍പും ശേഷവും സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കുന്നത് മാര്‍പാപ്പയുടെ പതിവായിരുന്നു. പതിനായിരത്തിലേറെ വരുന്ന പുരോഹിത വൃന്ദവും നൂറിലേറെ ലോക നേതാക്കളും സാധാരണക്കാരായ വിശ്വാസികളും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപ്രതി ദ്രൗപതി മുര്‍മു ഇന്നലെ വത്തിക്കാനിലെത്തി മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. സംഘം ഇന്ന് സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള കത്തോലിക്ക ബിഷപ്പുമാരും ഇതര സഭകളിലെ മെത്രാന്മാരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനെ പ്രതിനിധീകരിച്ച് വില്യം രാജകുമാരന്‍ ഉള്‍പ്പെടെ നൂറിലേറെ നേതാക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.
അതേസമയം, സംസ്‌കാര ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും അസാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തെയും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെയും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മരണത്തിന് തൊട്ടുതലേന്നും ഗാസയില്‍ സമാധാനം പുലരണമെന്ന സന്ദേശമാണ് പാപ്പ പങ്കുവെച്ചത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് പുടിന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here