ഗൗതം ഗംഭീറിന് വധഭീഷണി;

0
36

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ഗൗതം തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

ഭീഷണി ഉള്‍പ്പെട്ട രണ്ട് ഇ മെയില്‍ സന്ദേശങ്ങളാണ് ഏപ്രില്‍ 22ന് ഗൗതത്തിന് ലഭിച്ചത്. ഒന്ന് ഉച്ചയ്ക്കും മറ്റൊന്ന് വൈകീട്ടുമാണ് വന്നത്. രണ്ടിലും ഐ കില്‍ യൂ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ഇതാദ്യമായല്ല ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം വരുന്നത്. ഗൗതം ബിജെപി എംപിയായിരുന്ന സമയത്ത് 2021 നവംബറിലും അദ്ദേഹത്തിന് ഭീഷണി നേരിടേണ്ടി വന്നിരുന്നു.

26 വിനോദസഞ്ചാരികളുടെ ജീവന്‍ കവര്‍ന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ പ്രതികരണമായിരുന്നു ഗൗതം ഗംഭീര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നത്. ഭീകരാക്രമണത്തിനെതിരെ ഇന്ത്യ പൊരുതുമെന്നും ഇതിന് ഉത്തരവാദികളായവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും ഗൗതം ഗംഭീര്‍ എക്‌സില്‍ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനയുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയിലുണ്ടാകുന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here