മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘എമ്പുരാന്റെ’ റിലീസിനോടനുബന്ധിച്ച് അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് മോഹൻലാൽ ആരാധകർ ടൈംസ് സ്ക്വയറിൽ ഒത്തുചേർന്നു. ലോസ് ഏഞ്ചൽസ്, ഡള്ളാസ്, സിയാറ്റിൽ, അറ്റ്ലാന്റ, കൊളറാഡോ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ടൈസ്ക്വയറിൽ എത്തിയത്. ആശിർവാദ് ഹോളിവുഡ് നേതൃത്വത്തിലായിരുന്നു ആരാധകരുടെ കൂടിക്കാഴ്ച.
ആരാധകരുടെ കൂടിക്കാഴചയിൽ എംപുരാന്റെ ട്രെയിലറും ടൈസ്ക്വയറിൽ പ്രദർശിപ്പിച്ചിരുന്നു.കൂടാതെ 60 കലാകാരന്മാർ അണിനിരന്ന് ലൂസിഫറിലെ റഫ്താര എന്ന ഗാനത്തിന് നൃത്തം അവതരിപ്പിക്കുകയും ചെയ്തു. കലാശ്രീ സ്കൂൾ ഓഫ് ആർട്‌സും ട്രൈ സ്റ്റേറ്റ് ഡാൻസ് കമ്പനിയും നയിച്ച നൃത്ത പ്രകടനം കാണികളെ ആവേശഭരിതരാക്കി. ലൂസിഫറിലെ മോഹൻലാലിന്റെ ഐക്കോണിക് ലുക്കിനെ പ്രതിഫലിപ്പിക്കുന്ന വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചാണ് നൂറുകണക്കിന് ആരാധകർ എത്തിയത്.
എമ്പുരാന്റെ അഭിനേതാക്കളിൽ ഒരാളായ ഡോ. ബിനോയ് പുല്ലുകലയിൽ വേദിയിലെത്തി ആരാധകരുമായി സംവദിക്കുകയും ചെയ്തു. യുഎസിലെ ആദ്യത്തെ ‘എംപുരാൻ’ ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയായിരുന്നു ഈ പരിപാടിയുടെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിലൊന്ന്. യുഎസിലുടനീളമുള്ള 14,000-ത്തിലധികം ആരാധകർ പ്രത്യേക ഫാൻ ഷോകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനാൽ, എമ്പുരാൻ യുഎസിലെ 300 സ്‌ക്രീനുകളിലായി ഗ്രാൻഡ് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആശിർവാദ് ഹോളിവുഡ്, പ്രൈം മീഡിയയുമായി സഹകരിച്ചാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രം 2025 മാർച്ച് 27 ന് ലോകമെമ്പാടും റിലീസ് ചെയ്യും, മാർച്ച് 26 ന് യുഎസ് പ്രീമിയർ ചെയ്യും.