”ധീരനായ വ്യക്തി”; രണ്ടാംവരവില്‍ കൂടുതല്‍ തയ്യാറെടുത്താണ് ട്രംപ് അധികാരത്തിലെത്തിയതെന്ന് പ്രധാനമന്ത്രി മോദി

0
14

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐ ഗവേഷകന്‍ ലെക്‌സ് ഫ്രഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ അനുഭവവും 2019ലെ ഹൗഡി മോദി പരിപാടിയും അദ്ദേഹം ഓര്‍ത്തെടുത്തു. ഹൗഡി മോദി പരിപാടിയ്ക്കിടെ സുരക്ഷാസേനയെ ഒഴിവാക്കി ജനങ്ങള്‍ക്കിടയിലൂടെ മോദിയോടൊപ്പം നടക്കാനും ട്രംപ് മുന്നോട്ടുവന്നിരുന്നു. ഇക്കാര്യവും മോദി പോഡ്കാസ്റ്റില്‍ പറഞ്ഞു.

രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായി അധികാരമുറപ്പിച്ച ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് അധികാരത്തിലെത്തിയതെന്ന് മോദി പറഞ്ഞു.

’’ ട്രംപ് പ്രസിഡന്റായി എത്തിയ രണ്ട് കാലഘട്ടവും ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചു. ഇത്തവണ അദ്ദേഹം നല്ല തയ്യാറെടുപ്പ് നടത്തിയാണ് അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ മനസില്‍ വ്യക്തമായ പദ്ധതികളുണ്ട്. ലക്ഷ്യത്തിലേക്ക് എത്താന്‍ രൂപകല്‍പ്പന ചെയ്തവയാണ് അവ,’’ മോദി പറഞ്ഞു.

അടുത്തിടെ യുഎസ് സന്ദര്‍ശിച്ച മോദി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും DOGE മേധാവി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രാപ്തിയുള്ള ടീമാണ് അദ്ദേഹത്തോടൊപ്പമുള്ളതെന്നും മോദി പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങള്‍ ഒഴിവാക്കി ട്രംപ്

2019ല്‍ യുഎസിലെ ഹൂസ്റ്റണില്‍ വെച്ച് ഹൗഡി മോദി പരിപാടി നടന്നിരുന്നു. പരിപാടിയില്‍ ട്രംപിനോടൊപ്പമായിരുന്നു മോദി വേദി പങ്കിട്ടത്. യുഎസിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാനും പരിപാടിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വലിയൊരു ജനക്കൂട്ടമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ വംശജരും പരിപാടിയുടെ പ്രധാന ആകര്‍ഷണമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ട്രംപ് സദസിലിരുന്ന് തന്റെ വാക്കുകള്‍ ക്ഷമയോടെ കേട്ടുവെന്നും മോദി പറഞ്ഞു.

’’ ഞങ്ങള്‍ രണ്ടുപേരും പരിപാടിയില്‍ പ്രസംഗിച്ചു. ഞാന്‍ സംസാരിക്കുമ്പോള്‍ ട്രംപ് സദസിലിരുന്ന് എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു,’’ മോദി പറഞ്ഞു. അതിന് ശേഷം സ്റ്റേഡിയത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി അവര്‍ക്കിടയിലൂടെ അല്‍പ്പസമയം നടക്കാമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

’’ അമേരിക്കയിലെ രീതി അനുസരിച്ച് ഒരു പ്രസിഡന്റിന് ആയിരക്കണക്കിന് ജനങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയുക അപ്രാപ്യമാണ്,’’ മോദി പറഞ്ഞു. എന്നാല്‍ തന്റെ അഭ്യര്‍ത്ഥന കേട്ട ട്രംപ് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തന്നോടൊപ്പം വന്നുവെന്നും മോദി പറഞ്ഞു.

ട്രംപിനെപ്പോലെ രാജ്യത്തിന് പ്രഥമപരിഗണന നല്‍കണം

തനിക്കും ട്രംപിനുമിടയില്‍ സമാനതകളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ട്രംപിന് നേരെയുണ്ടായ വധശ്രമത്തെപ്പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

’’ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നടന്ന പ്രചാരണങ്ങള്‍ക്കിടെ ട്രംപിന് വെടിയേറ്റിരുന്നു. എന്നാല്‍ മുമ്പ് ഹൂസ്റ്റണില്‍ ആയിരക്കണക്കിന് ആളുകളുടെ ഇടയിലേക്ക് എന്റെ കൈകോര്‍ത്ത് ഇറങ്ങിയ ട്രംപിന്റെ അതേ വീര്യവും നിശ്ചയദാര്‍ഢ്യവുമാണ് അന്ന് ഞാന്‍ അദ്ദേഹത്തില്‍ കണ്ടത്,’’ മോദി പറഞ്ഞു.

’’ വെടിയേറ്റ ശേഷവും അദ്ദേഹം അചഞ്ചലനായി അമേരിക്കയ്ക്ക് വേണ്ടി നിലകൊണ്ടു. രാജ്യത്തിന് വേണ്ടി തന്റെ ജീവന്‍ കൊടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. രാഷ്ട്രത്തിന് പ്രഥമപരിഗണന നല്‍കുന്ന അദ്ദേഹത്തിന്റെ നിലപാട് ഇതിലൂടെ വ്യക്തമായി. ഞാന്‍ ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് പോലെയായിരുന്നു അത്. ഞാന്‍ എപ്പോഴും ഇന്ത്യയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടാകും ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ശക്തമായത്,’’ മോദി പറഞ്ഞു.

മോദിയെ പുകഴ്ത്തി ട്രംപ്

വിവിധ വേദികളില്‍ വെച്ച് ട്രംപില്‍ നിന്ന് അഭിനന്ദനം ലഭിച്ചുവെന്നും മോദി പറഞ്ഞു. മോദി ഇന്ത്യയ്ക്ക് പ്രഥമപരിഗണന നല്‍കുന്നത് പോലെ ട്രംപ് എപ്പോഴും അമേരിക്കയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here