സമീപകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് ദിലീപ്. പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന പല ചിത്രങ്ങളും തിയേറ്ററില്‍ വന്‍ പരാജയമായി മാറി. 2017 ല്‍ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ഒരു ഹിറ്റ് ചിത്രവും ദിലീപിന്റേതായി ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ വരാന്‍ പോകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ (ഭയം, ഭക്തി, ബഹുമാനം) തുടങ്ങിയ ചിത്രങ്ങളില്‍ താരത്തിനും അതുപോലെ തന്നെ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. ‘ഭ ഭ ബ’യില്‍ അഥിതി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.
‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണി നിരക്കുന്നു.
‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ ഗാനം ഹിറ്റായി മാറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ദിലിപ് മുമ്പ് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നുണ്ട്. ‘കഴിഞ്ഞ കുറച്ചുകാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ എല്ലാം നിങ്ങള്‍ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാന്‍ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് ജിഞ്ചർ മീഡിയക്ക് നല്‍കിയ ആ അഭിമുഖത്തില്‍ ദിലീപ് പറയുന്നത്
ഞാന്‍ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും. അത് കഴിഞ്ഞ് ഞാന്‍ എന്റെ സിനിമകള്‍ തന്നെ കാണാന്‍ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാന്‍ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ ഒന്നും തീർക്കാന്‍ ആർക്കും താല്‍പര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങള്‍ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാന്‍. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതില്‍ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാന്‍ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേല്‍ ഞാന്‍ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഞാന്‍ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാന്‍ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആള്‍. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോള്‍ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളില്‍ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മള്‍ നോർമലാകും, നമ്മള്‍ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതല്‍ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.
വീണുകഴിഞ്ഞാല്‍ വീണ്ടും ചാടി എഴുന്നേല്‍ക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തില്‍ അന്ന് മുതല്‍ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയില്‍ ഒരു വിഭാഗം വലിയ രീതിയില്‍ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറയുന്നു.