മലയാളത്തിന്റെ മഹാനടന്‍ പി ജെ ആന്റണി ഓര്‍മയായിട്ട് ഇന്നേയ്ക്ക് 46 വര്‍ഷം. കലയോടുള്ള പ്രതിബദ്ധത ജീവിതത്തിലുടനീളം പുലര്‍ത്തിയ പ്രതിഭാധനനായ കലാകാരനായിരുന്നു പി ജെ ആന്റണി.
അരങ്ങിലും അഭ്രപാളിയിലും വേഷപ്പകര്‍ച്ചകള്‍ കൊണ്ട് കാഴ്ചക്കാരനെ വിസ്മയിപ്പിച്ച നടന്‍. ‘തെറ്റിദ്ധാരണ’ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. 1957ല്‍ റിലീസ് ചെയ്ത രണ്ടിടങ്ങഴിയാണ് ആദ്യ സിനിമ. എം ടിയുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് പി ജെ ആന്റണിയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നിര്‍മ്മാല്യത്തിലൂടെ
രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനാ കലാപത്തിലുള്‍പ്പെട്ട് പിരിച്ചുവിടപ്പെട്ട പി ജെ ആന്റണി നാട്ടിലെത്തി കലാപ്രേമി നിലയം എന്ന പേരില്‍ കൊച്ചിയില്‍ നാടകസംഘം ആരംഭിച്ചു. ആന്റണി എഴുതിയ ‘ഇന്‍ക്വിലാബിന്റെ മക്കള്‍’ കേരളത്തില്‍ കോളിളക്കമുണ്ടാക്കി.
തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പി ജെ ആന്റണി അനശ്വരമാക്കി. സിനിമയ്ക്കൊപ്പം എഴുത്തിലും മികച്ചു നിന്നു നിഷേധിയായ ആ ജീനിയസ്. നൂറിലധികം ഗാനങ്ങളും മുപ്പതിലേറെ ചെറുകഥകളും 41 നാടകങ്ങളും ഏഴ് നോവലുകളും. എട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. ‘പെരിയാര്‍’ എന്ന സിനിമയിലൂടെ സംവിധായകനുമായി.