രാഷ്ട്രീയപ്രവേശനം വൈകിയതില്‍ നഷ്ടബോധം; കമല്‍ഹാസന്‍

0
40

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ (എംഎന്‍എം) എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് പാര്‍ട്ടി അധ്യക്ഷനായ കമല്‍ഹാസന്റെ പ്രതികരണം.

‘ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴര്‍. ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്. തമിഴര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കു പോലും ഏത് ഭാഷയാണ് അവര്‍ക്ക് വേണ്ടതെന്ന് അറിയാം. അത് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്’ – കമല്‍ഹാസന്‍ പറഞ്ഞു. മാതൃഭാഷ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തമിഴ് ജനത നേരിടുന്ന വെല്ലുവിളികളും കമല്‍ഹാസന്‍ പരാമര്‍ശിച്ചു.

ഭാഷാപരമായ സ്വയംഭരണത്തിനായുള്ള തമിഴ്‌നാടിന്റെ ദീര്‍ഘനാളുകളായുള്ള ആവശ്യത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കമല്‍ഹാസന്റെ പ്രസംഗം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് നടത്തിയിട്ടുള്ള ചരിത്രപരമായ പോരാട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. ഭാഷാ പ്രശ്നങ്ങളെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും കമല്‍ഹാസന്‍ നല്‍കി.

തന്റെ രാഷ്ട്രീയ ജീവിതത്തിനെതിരായ വിമര്‍ശനങ്ങളിലും കമല്‍ഹാസന്‍ മറുപടി നല്‍കി. പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ‘വളരെ വൈകിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്, അതില്‍ എനിക്ക് വലിയ നഷ്ടബോധം തോന്നുന്നു.

20 വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, എന്റെ പ്രസംഗവും നിലപാടുകളും മറ്റൊന്നാകുമായിരുന്നു’ – കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള സൂചനയും കമല്‍ഹാസന്‍ നല്‍കി. ഈ വര്‍ഷം പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കുമെന്നും അടുത്ത വര്‍ഷം അത് സംസ്ഥാന നിയമസഭയിലും മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാനും തന്റെ പ്രവര്‍ത്തകര്‍ക്ക് കമല്‍ഹാസന്‍ നിര്‍ദേശം നല്‍കി.

ചെന്നൈയിലെ എംഎന്‍എം ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തിക്കൊണ്ടായിരുന്നു കമല്‍ഹാസന്റെ പ്രസംഗം. ‘ഇന്ന് ഞങ്ങള്‍ക്ക് എട്ട് വയസായി. ഒരു കുട്ടിയെപ്പോലെ പാര്‍ട്ടി വളര്‍ന്നുവരുന്നു. ഈ വര്‍ഷം പാര്‍ലമെന്റില്‍ ഞങ്ങളുടെ ശബ്ദം കേള്‍ക്കും, അടുത്ത വര്‍ഷം നിയമസഭയിലും ഞങ്ങളുടെ ശബ്ദം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോര്‍മുലയും അംഗീകരിക്കുന്നത് വരെ തമിഴ്നാടിന് വിദ്യാഭ്യാസ ഫണ്ട് നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ തമിഴ്‌നാട്ടില്‍ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര മന്ത്രി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ-പ്രതിപക്ഷ ഭേദമന്യേ തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഈ വിഷയത്തില്‍ കേ്രന്ദത്തിന്റെ നിലപാടിനെ വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here