മാനന്തവാടി നഗരസഭാ പരിധിയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. എസ്.ഡി.പി.ഐ.യും പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. അതേസമയം, കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ മാനന്തവാടിയിലെ ഡി.എഫ്.ഒ. ഓഫീസിലേക്ക് യു.ഡി.എഫ്. വെള്ളിയാഴ്ച സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായിരുന്നു.
വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെടുന്നത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ എട്ട് പേരാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.