കൊല്ലം: തെക്കൻ കേരളത്തിൽ കൂടുതൽ മെമു ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ അവസരം ഒരുങ്ങുന്നു. കൊല്ലത്തെ മെമു ഷെഡ് നിർമാണം ഈ വർഷം ജൂലൈയോടെ പൂർത്തിയാകും. മെമു ഷെഡ് പ്രവർത്തനം ആരംഭിച്ചാൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കാൻ കഴിയും. തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും യാത്രാപ്രതിസന്ധിയ്ക്കുള്ള പരിഹാരത്തിനാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.
എറണാകുളം, ചെങ്കോട്ട, തിരുവനന്തപുരം പാതകളിൽ കൂടുതൽ മെമു ട്രെയിനുകൾ ആരംഭിക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനുമുള്ള അവസരമാണ് തെളിഞ്ഞിരിക്കുന്നത്.
മെമു ഷെഡ് നിർമാണം ഈ വർഷം പൂർത്തിയാകുന്നതിന് പിന്നാലെ 2026 ജനുവരിയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ്റെ നവീകരണവും പൂർത്തിയാകും. അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ നവീകരിച്ച റെയിൽവേ സ്റ്റേഷൻ നാടിനു സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
റെയിൽവേ ബോർഡിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഡിവിഷണൽ മാനേജരുടെ മേൽനോട്ടത്തിലാണ് കൊല്ലത്തെ നവീരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നവീകരണ ജോലികൾ 50 ശതമാനം പൂർത്തിയായതായി ഉന്നതതല യോഗം വിലയിരുത്തി. പദ്ധതിക്കായി കണക്കാക്കിയ 361 കോടി രൂപയുടെ 50 ശതമാനവും ചെലവഴിച്ചിട്ടുമുണ്ട്.
Like this:
Like Loading...