ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കാമ്യ കാര്‍ത്തികേയന്‍

0
44

ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി 17കാരിയായ കാമ്യ കാര്‍ത്തികേയന്‍ (Kaamya Karthikeyan). മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ.

പിതാവായ കമാന്‍ഡര്‍ എസ് കാര്‍ത്തികേയനൊപ്പം അന്റാര്‍ട്ടിക്കയിലെ വിന്‍സെന്റ് കൊടുമുടി കീഴടക്കിയാണ് കാമ്യ പുതിയ റെക്കോര്‍ഡിട്ടത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വതം, യൂറോപ്പിലെ എല്‍ബ്രൂസ് പര്‍വതം, ഓസ്‌ട്രേലിയയിലെ കോസ്‌സിയൂസ്‌കോ, തെക്കേ അമേരിക്കയിലെ അക്വന്‍കാഗ, വടക്കേ അമേരിക്കയിലെ ഡെനാലി, ഏഷ്യയിലെ എവറസ്റ്റ് എന്നിവയും കാമ്യ കീഴടക്കിയിരുന്നു. ഏറ്റവുമൊടുവിലാണ് അന്റാര്‍ട്ടിക്കയിലെ വിന്‍സെന്റ് കൊടുമുടി കാമ്യ തന്റെ വരുതിയിലാക്കിയത്.

സുപ്രധാന നേട്ടത്തില്‍ കാമ്യയെ ഇന്ത്യന്‍ നാവിക സേന അഭിനന്ദിച്ചു. ’’ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാമ്യ കാര്‍ത്തികേയന്‍ ഏഴ് ഭൂഖണ്ഡങ്ങളിലേയും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു,’’ എന്ന് ഇന്ത്യന്‍ നാവികസേന എക്‌സില്‍ കുറിച്ചു.

ഈ സുപ്രധാന നേട്ടം കൈവരിച്ച കാമ്യയേയും പിതാവിനെയും അഭിനന്ദിക്കുന്നുവെന്നും നാവികസേന വക്താക്കള്‍ അറിയിച്ചു. കാമ്യയെ അഭിനന്ദിച്ച് മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളും രംഗത്തെത്തി.

വളരെ ചെറിയപ്രായത്തില്‍ തന്നെ കാമ്യ പര്‍വതാരോഹണത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. 16-ാം വയസിലാണ് കാമ്യ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. ഏഴാം വയസില്‍ ഉത്തരാഖണ്ഡിലെ ഒരു കൊടുമുടി കയറിയാണ് തന്റെ പര്‍വതാരോഹണ യാത്ര ആരംഭിച്ചതെന്നും കാമ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here