ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നടനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പൊലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
തനിക്കെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് നിവിന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നതെന്നും പാസ്പോർട്ട് പരിശോധിച്ചാൽ ഈ കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു.
സിനിമയിൽ അവസരം വാഗ്ദാനം നൽകി, ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ദുബായിലെ ഹോട്ടലിൽ വച്ച് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം.
ഈ പരാതി ഉയർന്ന്, മണിക്കൂറുകൾക്കകം നിവിൻ തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയും, കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലും തന്റെ ഭാഗം വിശദമാക്കി. ഈ പറയുന്ന പരാതിയിൽ തനിക്ക് ഒരു പങ്കുമില്ലെന്നും, പരാതിക്കാരിയായ യുവതിയെ കണ്ടിട്ടുപോലുമില്ല എന്നും നിവിൻ വാദിച്ചു. പരാതിയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായത് നടൻ വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ്.