സൈബര്‍ ആക്രമണത്തിൽ മനാഫിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പോലീസ് കേസ്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നൽകിയത്.
അതേ സമയം തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ പരാതിയിലും ഉയരുന്ന വിവാദങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നാണ് ലോറി ഉടമ മനാഫ് മാധ്യമങ്ങൾക്ക് മുൻപിൽ ഇന്നലെ വ്യക്തമാക്കിയത്. തൻ്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് പറഞ്ഞത്. അർജുൻ്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് ഇന്നലെ പറഞ്ഞു.
തൻ്റെ യൂട്യൂബ് ചാനലിൽ അർജുൻ്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞു. ഞാൻ മാറ്റി. അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. എന്തെങ്കിലും ഉണ്ടായാൽ, പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എൻ്റെ മേൽവിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല.