ന്യൂഡല്‍ഹി: കേദാര്‍നാഥിലെ ചാര്‍ധാം യാത്ര നിര്‍ത്തിവെച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റേതാണ് തീരുമാനം. ഇന്നലെയുണ്ടായ മലയിടിച്ചിലാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. ഗൗരീകുണ്ഠില്‍ നിന്നും 500 മീറ്റര്‍ മാത്രം ദൂരത്തില്‍ മലയിടിഞ്ഞത് വലിയ അപകട സാധ്യതയാണുണ്ടാക്കുന്നതെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ യാത്രയ്ക്കായി എത്തിയവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുവരെ 169 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ സമയത്താണ് മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 146 പേരെ പാതിവഴിയില്‍ തടയാന്‍ സാധിച്ചത് വന്‍ ദുരന്തം ഒഴിവായി. 20 പേര്‍ ഗൗരീകുണ്ഠത്തിനപ്പുറം കടന്ന ശേഷമാണ് മലയിടിഞ്ഞതെന്നും സൈന്യം അറിയിച്ചു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
ഇതിനിടെ, സോന്‍പ്രയാഗയില്‍ 70 തീര്‍ത്ഥാടകരെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനിടെ കേദാര്‍നാഥിലേയ്ക്ക് എത്തിയ 50 പേര്‍ മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നും സൈന്യം അറിയിച്ചു.