ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 26ന് ലഡാക്കിലെത്തും. ലഡാക്കിലെത്തിയ ശേഷം അദ്ദേഹം ദ്രാസിലുള്ള യുദ്ധ സ്മാരകം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ (റിട്ടയേര്‍ഡ്) ബി.ഡി മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കേണ്ട ക്രമീകരണങ്ങളെപ്പറ്റി വിലയിരുത്തുകയും ചെയ്തു. എല്ലാ സജ്ജീകരണങ്ങളും കൃത്യ സമയത്ത് ചെയ്ത് പൂര്‍ത്തിയാക്കണമെന്ന് ബി.ഡി മിശ്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബ്രിഗേഡ് ഹെലിപാഡില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെപ്പറ്റിയും അദ്ദേഹം വിലയിരുത്തി.
ജൂലൈ 24ന് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ കാര്‍ഗിലിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ച അദ്ദേഹം യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു.
എല്ലാവര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ആയാണ് രാജ്യം ആചരിക്കുന്നത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പോരാട്ടങ്ങള്‍ക്ക് വിജയം കുറിച്ച ദിവസമാണിത്. കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലയിലേക്ക് നുഴഞ്ഞു കയറിയ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ പട്ടാളക്കാര്‍ പരാജയപ്പെടുത്തുകയായിരുന്നു. യുദ്ധത്തില്‍ ഏകദേശം 527 പേരാണ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്.
60 ദിവസത്തോളമാണ് യുദ്ധം നീണ്ടുനിന്നത്. ഒടുവില്‍ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും തിരികെ പിടിച്ചാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങിയത്.