പെരിയാറില്‍ വെള്ളപ്പൊക്കം; കോട്ടയത്ത് ഉരുൾപ്പൊട്ടല്‍; കാലവര്‍ഷക്കെടുതിയിൽ 3 മരണം

0
94

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും. മലപ്പുറത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലയോര മേഖലയിലാണ് മഴ ഏറ്റവും ശക്തം. അതീവ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏലൂർ ബോസ്കോ കോളനിയിൽ വെള്ളം കയറി. ഏലൂരിലെ രണ്ട് ഡിവിഷനുകളിൽനിന്ന് അമ്പത്തിയഞ്ച് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരത്തുള്ളവരോടും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.

കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ മഴ ശക്തമായി തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞെങ്കിലും മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. തീക്കോയിയിൽ മീനച്ചിലാറിൽ ജലനിരപ്പ് കുതിച്ചുയരുകയാണ്. മണ്ണിടിച്ചിലോ ഉരുൾപ്പൊട്ടലോ ഉണ്ടായെന്നാണ് സംശയം. വരും മണിക്കൂറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഉരുൾപ്പൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ പതിനെട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്‍മുടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും കല്ലാര്‍ അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകളും ഉയര്‍ത്തി. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്ന് 2353 അടി പിന്നിട്ടു. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. വൻ തോതിൽ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

അതിനിടെ, കാലവര്‍ഷത്തില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം മൂന്നായി. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ വീട് തകര്‍ന്ന് കൂടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീന്‍ മരിച്ചു. 70 വയസായിരുന്നു. പൂലര്‍ച്ചെ മൂന്നുമണിക്കാണ് കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്നത്. മറ്റ് കുടുംബാംഗങ്ങള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി ഏലപ്പാറ നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനീഷിനായി തിരിച്ചില്‍ തുടരുന്നു. കനത്തമഴയില്‍നിന്ന് രക്ഷതേടി കാര്‍ ഒതുക്കിനിര്‍ത്തിയപ്പോഴാണ് മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. ഓഫീസിലേക്ക് പോകുംവഴി സ്കൂട്ടറില്‍ മരം വീണ് കെഎസ്ഇബി ജീവനക്കാരന്‍ ഇന്നലെ തിരുവനന്തപുരത്ത് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here