ഡൽഹിയിലെ മുഖർജി നഗറിലെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയത്. 29 കാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായും ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.ബുധനാഴ്ചയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി സ്വാതി ഗോദര ജീവനൊടുക്കിയത്. ഈ സമയം സുഹൃത്തായ യുവാവ് മുറിയിലുണ്ടായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സ്വാതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സ്വാതിയുടെ മരണത്തിൽ ബന്ധുക്കൾ ഇതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.നാലുമാസം മുൻപാണ് മുഖർജി നഗറിലെ മുറി സ്വാതി വാടകയ്ക്കെടുത്തത്.
പഠനം പൂർത്തിയാക്കിയെന്നും യൂട്യൂബറാണെന്നും ഉടമയെ അറിയിച്ച ശേഷമാണ് വീട് വാടകയ്ക്കെടുത്തത്. ഉത്തർ പ്രദേശിലെ മീററ്റിലെ ബദ്‌ല ഗ്രാമത്തിൽ നിന്നുള്ള സ്വാതി യുപിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്നതിന് 10 വർഷം മുൻപാണ് ഡൽഹിയിൽ എത്തിയത്. യുപിഎസ്സി, എസ്എസ്സി പരീക്ഷകളിൾ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. തുടർന്ന് യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമാകുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 28.6 ഫോളോവേഴ്‌സുണ്ട്. യൂട്യൂബ് അക്കൗണ്ടിൽ 33 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.