ഒവൈസിക്കെതിരേ സാനിയ മിര്‍സയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് സൂചന

0
72

ടെന്നിസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാന്‍ നീക്കംനടക്കുന്നതായാണ് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗോവ, തെലങ്കാന, യുപി, ഝാര്‍ഖണ്ഡ്, ദാമന്‍-ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച നടന്നിരുന്നു. സാനിയ മിര്‍സയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നതായാണ് പുറത്തുവരുന്ന വിവരം. ഈ യോഗത്തില്‍ 18 സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തിരുന്നു.

മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. സാനിയയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഹൈദരാബാദില്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കുമെന്നാണ് സൂചന.

1980ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് അവസാനമായി കോണ്‍ഗ്രസ് ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയാണ് തുടര്‍ച്ചയായി മണ്ഡലം കൈവശംവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here